ജൊഹാന്നസ്ബർഗ്
ഇന്ത്യൻ വംശജയായ മുതിർന്ന വർണവെറി വിരുദ്ധ പോരാളി മണിബെൻ സീത ദക്ഷിണാഫ്രിക്കയിൽ നിര്യാതയായി. പ്രിട്ടോറിയയിലെ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു.
1926ൽ ജനിച്ച മണിബെൻ, പതിമൂന്നാം വയസ്സുമുതൽ വിവേചനങ്ങൾക്കെതിരായ പോരാട്ടങ്ങളിൽ സജീവമായി. മഹാത്മാ ഗാന്ധിയുടെ അനുയായിയായിരുന്ന അച്ഛൻ നാന സീതയായിരുന്നു പ്രചോദനം. അധ്യാപക ബിരുദം നേടിയശേഷം പോരാട്ടരംഗത്ത് കൂടുതൽ സജീവമായി. ‘സാരി ധരിക്കുന്ന പോരാളി’യായി അവർ അറിയപ്പെട്ടു. പലതവണ ജയിലിലായി. ദക്ഷിണാഫ്രിക്കയിൽ ജനാധിപത്യം സ്ഥാപിച്ചശേഷം 1994ൽ നടന്ന തെരഞ്ഞെടുപ്പിൽ മുനിസിപ്പൽ കൗൺസിലറായി. 2013ൽ വള്ളിയമ്മ മുതലിയാർ പുരസ്കാരവും 2018ൽ അഹമ്മദ് കത്രാഡ പുരസ്കാരവും നേടി.