മനാമ > ഇന്ത്യയടക്കം 24 രാജ്യങ്ങളില്നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് ഏര്പ്പെടുത്തിയ വിലക്ക് ഒമാന് വീണ്ടും നീട്ടി. ജൂലായ് ഒന്പത് മുതല് അനിശ്ചിതകാലത്തേക്കാണ് വിലക്ക്. ഇതോടെ തിരിച്ചുപോക്കിനുള്ള മലയാളികളടക്കം പ്രവാസികളുടെ കാത്തിരിപ്പ് നീളും.
കോവിഡ് തടയാനുള്ള നടപടികളുടെ ഭാഗമായാണ് വിലക്ക് നീട്ടിയതെന്ന് ഒമാന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഇന്ത്യക്കു പുറമെ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ബ്രിട്ടന്, ദക്ഷിണാഫ്രിക്ക, സിംഗപ്പൂര് തുടങ്ങിയ രാജ്യങ്ങള് പ്രവേശന വിലക്കല്പെടും. ഈജിപ്തിനെ വിലക്കുള്ള പട്ടികയല് നിന്നും നീക്കി. സിംഗപ്പൂര് ഉള്പ്പെടെ എട്ടു രാജ്യങ്ങളെ പുതുതായി ഉള്പ്പെടുത്തി.
ഇന്ത്യയില് കോവിഡ് കുതിച്ചുയര്ന്നതിനെ തുടര്ന്ന് കഴിഞ്ഞ ഏപ്രിലിലാണ് യാത്രാ വിമാനങ്ങള്ക്ക് ഒമാനിന് വിലക്ക് ഏര്പ്പെടുത്തിയത്. ഇരു രാജ്യങ്ങളിലും കേസുകള് വര്ധിക്കുന്നതിനനുസരിച്ച് വിലക്ക് നീണ്ടു. നേരിട്ടുള്ള പ്രവേശനത്തിനാണ് വിലക്ക്്. ഈ പാശ്ചാത്തലത്തില് അര്മേനിയ വഴിയും മറ്റും ഒമാനിലെത്താനാണ് പ്രവാസികളുടെ ശ്രമം. എന്നാല്, ഇതിന് ചെലവേറും. അവിടെ 14 ദിവസം ക്വാറന്റയ്നില് കഴിഞ്ഞവര്ക്കാണ് പ്രവേശനം.
വിലക്കിന് മുന്പ് അവധിക്ക് നാട്ടിലെത്തിയവര്ക്ക് തിരിച്ച് പോക്കിനെകുറിച്ച ആശങ്കയിലാണ്. കുടുംബത്തെ ഒമാനിലാക്കി ചെറിയ അവധിക്ക് നാട്ടില് പോയി കുടുങ്ങിയവരും ബിസിനസ് അവതാളവത്തിലായവരൂം ഇതില്പെടും. പലരുടെയും വിസ കാലാവധി അവസാനിക്കാറായി.