വണ്ടിപ്പെരിയാർ: വാളയാർക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറിലെ കേസുംഅട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ. ഡിവൈഎഫ്ഐ നേതാവായ പ്രതിയെ ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ സ്ഥലം എംഎൽഎ രക്ഷിക്കാൻ നോക്കിയെന്ന പ്രദേശവാസികളുടെ ആരോപണം ഗുരുതരമാണ്. ഒരൊറ്റ സംസ്ഥാന മന്ത്രി പോലും സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല എന്നത് ലജ്ജാകരമാണ്. വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വണ്ടിപ്പെരിയാറിലെ ആറുവയസ്സുകാരിയുടെ കൊലപാതകം സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. പിഞ്ചു കുഞ്ഞിനോട് പോലും ലൈഗിക അതിക്രമം കാണിച്ച നരാധമനും ഡിവൈഎഫ്ഐ നേതാവാണ് എന്നത് ആ പ്രസ്ഥാനം ഇന്നെത്തി നിൽക്കുന്ന ക്രിമിനൽവത്കരണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും പ്രഫുൽകൃഷ്ണൻ ആരോപിച്ചു.
വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധാഗ്നി തെളിയിക്കും. വരും ദിവസങ്ങളിൽ വണ്ടിപ്പെരിയാറിലെ ദാരുണ സംഭവത്തിൽപ്പോലും മൗനം പാലിച്ച സാംസ്ക്കാരിക നായകരുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനൊപ്പമാണ് പ്രഫുലും സംഘവും കുട്ടിയുടെ വീട് സന്ദർശിച്ചത്.