കൊച്ചി: രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ കവരത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കാക്കനാട്ടെ ആയിഷയുടെ ഫ്ളാറ്റിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.
ഇന്ന് രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്.മുൻകൂട്ടി അറിയിക്കാതെയാണ് പോലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് ആയിഷ സുൽത്താന പ്രതികരിച്ചു.
സ്വകാര്യ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളാണ് ആയിഷ സുൽത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ആയിഷയെ ലക്ഷദ്വീപിൽ വെച്ച് രണ്ട്തവണ ചോദ്യം ചെയ്തിരുന്നു.
ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ, ആയിഷയ്ക്ക് പിന്നിൽ ഏതെങ്കിലും സംഘടനയുടെ പിന്തുണയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.