കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷാഫി കൊച്ചിയിൽ കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകന് ഒപ്പമാണ് ഹാജരായത്. ഷാഫിയുടെയും കൊടി സുനിയുടെയും സംരക്ഷണം സ്വർണക്കടത്തിന് ഉണ്ടെന്ന് കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു.
ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ഭക്ഷ്യവിഷബാധയേറ്റത് കാരണം ഷാഫിക്ക് ഹാജരാകാൻ സാധിച്ചില്ല. ഇന്ന് ഹാജരാകാം എന്നാണ് അഭിഭാഷകൻ കസ്റ്റംസിനെ അറിയിച്ചിരുന്നത്. ജൂലൈ 12-ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ രാവിലെ 11 മണിയോടെ മുഹമ്മദ് ഷാഫി അഭിഭാഷകനൊപ്പം കസ്റ്റംസിന് മുന്നിൽ ഹാജരായി. എന്നാൽ തിങ്കളാഴ്ച ഹാജാരാകാൻ പറഞ്ഞ് കസ്റ്റംസ് ഇയാളെ മടക്കി അയയ്ക്കുകയായിരുന്നു. 12ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്ന സാഹചര്യത്തിൽ ഇന്ന് ഹാജരാകുമെന്ന് ഉദ്യോഗസ്ഥർ കരുതിയിരുന്നില്ല. മറ്റുചില കേസുകളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തിരക്കിലാണ്. അതിനാൽ നോട്ടീസ് പ്രകാരം 12ന് ഹാജരായാൽ മതിയെന്ന് പറഞ്ഞ് ഷാഫിയെ മടക്കി അയയ്ക്കുകയായിരുന്നു. ഇന്ന് ചോദ്യം ചെയ്യലോ, മൊഴിയെടുക്കലോ ഒന്നും ഉണ്ടായിട്ടില്ല.
അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിപ്പിച്ചത്.ടിപി കേസിലെ പ്രതിയായ ഷാഫി നിലവിൽ പരോളിലാണ്. കസ്റ്റംസ് ഷാഫിയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. കരിപ്പൂർ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഷാഫിക്ക് കൂടുതൽ വിവരങ്ങൾ അറിയാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. മാത്രമല്ല രാമനാട്ടുകര അപകടം നടന്ന ദിവസം ഇവർ കരിപ്പൂർ വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നുവെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.
അർജുൻ ആയങ്കി തന്റെ സംഘത്തിലേക്ക് കൂടുതൽ പേരെ ആകർഷിച്ചിരുന്നത് കൊടി സുനിയുടെയും ഷാഫിയുടെയും പേര് പറഞ്ഞായിരുന്നു. ഇവർ നൽകുന്ന സംരക്ഷണവും പാർട്ടി ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് സ്വർണം പൊട്ടിക്കുന്നതിനായി തന്റെ സംഘത്തിലേക്ക് അർജുൻ കൂടുതൽ ചെറുപ്പക്കാരെ ആകർഷിച്ചിരുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെ കസ്റ്റംസ് ശേഖരിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചത്.
Content Highlights: Karipur Gold smuggling case Muhammed Shafi appears before customs