തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽഅംഗമായമലയാളിയായ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സർക്കാർ കേരളത്തിനൊരു കേന്ദ്രമന്ത്രിയെ കൂടി നൽകിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ പോസ്റ്റിന് താഴെ വിമർശവും പരിഹാസവുമായി നിരവധി പേരാണ് എത്തിയത്.
” മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്രമന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ. രാജീവേട്ടന് എല്ലാ വിധ ആശംസകളും” – ശോഭാ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മന്ത്രിസഭാ പുനഃസംഘടനയിൽ മലയാളിയായ രാജീവ് ചന്ദ്രശേഖർ അംഗമായതിന് പിന്നാലെയായിരുന്നു ശോഭയുടെ പോസ്റ്റ്.
എന്നാൽ ഇതിനോട് രൂക്ഷമായാണ് പലരും പ്രതികരിച്ചത്. സന്തോഷമോ ആർക്ക് എന്ന് ചോദിച്ച ഒരാൾ കുറിച്ചത് അത് സുരേഷ് ഗോപിയോ, താങ്കളോ ആയിരുന്നെങ്കിൽ സന്തോഷിക്കുമായിരുന്നു എന്നാണ്. ഇവിടുത്തെ നേതാക്കൻമാരൊക്കെ ഉറങ്ങുകയാണോ അതോ അവർക്ക് കേന്ദ്രത്തിൽ ഒരു സ്വാധീനവും ചെലുത്താൻ ഉള്ള കഴിവില്ലെന്നോ അർഥമെന്നാണ് മറ്റൊരാൾ ചോദിച്ചത്.
കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമായരാജീവ് ചന്ദ്രശേഖർ ഐടി, നൈപുണ്യ വകുപ്പ് മന്ത്രിയായാണ് സ്ഥാനമേറ്റത്. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശത്തിന് വഴിതെളിച്ചത്.
പുതുച്ചേരിയിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളിൽ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖർ.
Content Highlights: Sobha Surendran congratulates Rajeev Chandrasekhar