തിരുവനന്തപുരം > സ്ത്രീപക്ഷ കേരളം ക്യാമ്പയിന്റെ ഭാഗമായി വ്യാഴാഴ്ച സിപിഐ എം ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്റെ സമാപനം കുറിച്ചാണ് വ്യാഴാഴ്ച കൂട്ടായ്മ. ഈ ദിവസം സ്ത്രീപക്ഷ കേരള ദിനമായി ആചരിക്കും. കൂട്ടായ്മയിൽ പങ്കെടുക്കുന്നവർ ദീപശിഖ തെളിച്ച് പ്രതിജ്ഞ ചൊല്ലും. കോവിഡ് മാനദണ്ഡം പാലിക്കണം. പങ്കെടുക്കാൻ കഴിയാത്തവർ വീടുകളിൽ ഒത്തുകൂടി പ്രതിജ്ഞയെടുക്കും. ക്യാമ്പയിനിൽ ലക്ഷക്കണക്കിനാളുകൾ അണിനിരന്നു.
പ്രതിജ്ഞ
സമൂഹത്തിന്റെ പകുതിയിലേറെ വരുന്ന സ്ത്രീകൾ നാനാമുഖമായ വിവേചനങ്ങളും അസമത്വവും അതിക്രമങ്ങളും അനുഭവിച്ചുകൊണ്ടാണ് ജീവിച്ചുവരുന്നത്. ഈ യാഥാർഥ്യം വേദനാജനകവും അപമാനകരവുമാണ്. ഈ അടുത്ത കാലത്ത് കേരളത്തിൽപ്പോലും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങളുടെയും പീഡനങ്ങളുടെയും പേരിൽ പെൺകുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടതായി വന്നു. ഇത് അത്യന്തം ഉൽക്കണ്ഠാജനകമാണ്. സമൂഹത്തിലെ സ്ത്രീവിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കണമെന്ന സിപിഐ എം ആഹ്വാനം ഞാൻ ഏറ്റെടുക്കുന്നു.
നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും സ്വീകാര്യതയുള്ള സമൂഹ്യാചാരമായി തുടരുന്ന സ്ത്രീധനം എന്ന അപരിഷ്കൃത സമ്പ്രദായത്തെ ഞാൻ അപലപിക്കുന്നു. പെൺഭ്രൂണഹത്യ, ബലാത്സംഗം, പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകൽ, സ്ത്രീകൾക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ കടന്നാക്രമണങ്ങൾ തുടങ്ങി എല്ലാ സ്ത്രീവിരുദ്ധ പ്രചാരണങ്ങളും ഞാൻ എതിർക്കും. പെൺകുട്ടികളും ആൺകുട്ടികളും തുല്യമായ അവസരങ്ങൾക്കും അവകാശങ്ങൾക്കും അർഹരാണ്. ഈ തിരിച്ചറിവോടെ, വേർതിരിവുകളോ വിവേചനങ്ങളോ ഇല്ലാതെ അവരെ വളർത്തിക്കൊണ്ടുവരാൻ യത്നിക്കും. വിവാഹം, കുടുംബം എന്നീ സമ്പ്രദായങ്ങളെ ജനാധിപത്യപരവും സമത്വപൂർണമായ സമീപനത്തോടും കാണും. സ്നേഹത്തിന്റെയും സമഭാവനയുടെയും സഹവർത്തിത്വത്തിന്റെയും ഇടമായി എന്റെ കുടുംബത്തെ കാണും. പരസ്പര ബഹുമാനവും അംഗീകാരവുമാണ് സ്ത്രീപുരുഷ ബന്ധങ്ങളെ നിർണയിക്കേണ്ടത്. കുടുംബത്തിലെ നിത്യജോലികൾ പുരുഷനും സ്ത്രീയും പങ്കിട്ടു നിർവഹിക്കുന്ന ആധുനിക ജീവിതശൈലി പാലിക്കും.
ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയുടെയും വലതുപക്ഷ മൂല്യബോധ്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും താൽപ്പര്യങ്ങളിൽനിന്ന് കേരളത്തെ മോചിപ്പിക്കാൻ സിപിഐ എം മുൻകൈ എടുക്കും. സ്ത്രീകളുടെ ആത്മാഭിമാനത്തിനു ക്ഷതമേൽപ്പിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ല. ഞങ്ങൾ സ്ത്രീ പക്ഷത്ത് ഉറച്ചുനിൽക്കും. സ്ത്രീപക്ഷമെന്നാൽ മനുഷ്യപക്ഷമാണ്. സ്ത്രീപക്ഷ കേരളത്തിനായി സ്വയം സമർപ്പിക്കും.
പ്രതിജ്ഞ….. പ്രതിജ്ഞ…..പ്രതിജ്ഞ.