കോഴിക്കോട് > കോഴിക്കോട് കെഎസ്ആര്ടിസി- കെടിഡിഎഫ്സി കോംപ്ലക്സിന് ജീവന്വെയ്ക്കുന്നു. 30 വര്ഷത്തേക്ക് ആലിഫ് ബില്ഡേര്സ് (ALIF Builders) എന്ന കമ്പനിയാണ് ടെണ്ടര് എടുത്തിട്ടുള്ളത്. ബസ് ടെര്മിനല് കോംപ്ലക്സില് യാത്രക്കാര്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനല്കിയിട്ടുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്റണി രാജു, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലക്കാകെ ഉണർവ്വ് ഉണ്ടാകുന്ന നീക്കം.
2007 ലാണ് കോഴിക്കോട് കെഎസ്ആര്ടിസി കോംപ്ലക്സ് പണിയാന് സര്ക്കാര് തീരുമാനിക്കുന്നത്. 2016 ല് മുഴുവന് പ്രവൃത്തിയും പൂര്ത്തിയാക്കി കോംപ്ലക്സ് നാടിന് സമര്പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല് തന്നെ ടെണ്ടറുകള് വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.
ഈ സര്ക്കാര് അധികാരത്തില് വന്നതിന് ശേഷം പ്രശ്നം മന്ത്രി മുഹമ്മദ് റിയാസ് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില് രവീന്ദ്രന് എംഎല്എയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല് നടത്തുമെന്ന് മന്ത്രി ഉറപ്പുനല്കിയിരുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലക്കാകെ ഉണർവ്വ് ഉണ്ടാകുന്ന നീക്കമാണ് മന്ത്രി നടത്തിയിട്ടുള്ളത്.
ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെഎസ്ആർടിസി കോംപ്ലക്സ് അന്നുതന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.