ന്യൂഡൽഹി
വിദേശ–- പാർലമെന്ററികാര്യ സഹമന്ത്രിയായ വി മുരളീധരന് രണ്ടാം മോഡി സർക്കാരിന്റെ ആദ്യ അഴിച്ചുപണിയിൽ സ്ഥാനക്കയറ്റമില്ല. സ്വതന്ത്ര ചുമതല ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ദയനീയ തോൽവിയും കുഴൽപ്പണമായി കടത്തിയ തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയ വിവാദവുമാണ് മുരളീധരന് തിരിച്ചടിയായത്. മന്ത്രിസഭാ വികസന ചർച്ചകളിൽ മുരളീധരന്റെ അടുപ്പക്കാരനായ കർണാടകയിൽനിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് തുടക്കംമുതൽ ഉൾപ്പെട്ടിരുന്നെങ്കിലും മുരളീധരന് സ്ഥാനക്കയറ്റം ഉറപ്പിക്കാനായില്ല
പാർടിയിൽ എതിർചേരിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിന് സഹമന്ത്രി സ്ഥാനംലഭിച്ചതും മുരളീധരനും കെ സുരേന്ദ്രനും തിരിച്ചടിയാണ്. എൻഡിഎ കേരള ഘടകം ഉപാധ്യക്ഷനെന്നനിലയിൽ സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലും രാജീവിന് കൂടുതൽ പ്രാധാന്യം ലഭിക്കും.