തലശേരി
നീണ്ട കാത്തിരിപ്പിനൊടുവിൽ സത്യത്തിലേക്ക് നീതിപീഠവും കണ്ണുതുറന്നു. ഫസലിന്റെ സഹോദരൻ പി കെ അബ്ദുൾസത്താർ സമർപ്പിച്ച ഹർജിയിൽ തുടരന്വേഷണ ഉത്തരവ് വരുമ്പോൾ നിരപരാധികളുടെ ജീവിതത്തിലും പ്രതീക്ഷയുടെ പ്രകാശം തെളിയുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തലശേരി ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനും നീതിനിഷേധത്തിന്റെ ഒമ്പതാണ്ട് പിന്നിടുമ്പോഴാണ് തുടരന്വേഷണം അംഗീകരിക്കുന്നത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഫസൽ കേസിൽ കുടുക്കിയത്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് 2012 ജൂൺ 22നാണ് ഇരുവരും എറണാകുളം ജില്ലാ കോടതിയിൽ ഹാജരായത്. 2013 നവംബർ എട്ടിന് ജാമ്യം അനുവദിച്ചു. അന്നുമുതൽ ജന്മനാട്ടിലേക്ക് മടങ്ങാനാവാതെ എറണാകുളം ഇരുമ്പനത്താണ് താമസം. മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനടക്കം കോടതിയുടെ ദാക്ഷിണ്യത്തിനു കാത്തിരിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനുമായി ഭരണച്ചുമതല നിർവഹിക്കാനും ഇളവുണ്ടായില്ല.
ഫസൽ വധത്തിൽ ആർഎസ്എസ് മൂടിവച്ച രഹസ്യങ്ങൾ ഏഴുവർഷംമുമ്പേ പുറത്തുവന്നതാണ്. കൊലനടത്തിയവരുടെ ഫോൺ സംഭാഷണം ആദ്യം ചോർന്നു. പടുവിലായി മോഹനൻ വധക്കേസിൽ മാഹി ചെമ്പ്രയിലെ സ്വയംസേവകൻ കുപ്പി സുബീഷ് പിടിയിലായതോടെ കുറ്റം ഏറ്റുപറഞ്ഞു. പൊലീസിന് ലഭിച്ച ഡിജിറ്റൽ തെളിവടക്കമുള്ള രേഖകൾ സിബിഐ ഡയറക്ടർക്ക് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ചിരുന്നു.
ഫസലിനെ കൊന്നത് തങ്ങളാണെന്ന ആർഎസ്എസ്സുകാരന്റെ വെളിപ്പെടുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ആശ്വാസവും പ്രതീക്ഷയും നൽകുന്ന വിധിയാണിതെന്ന് കാരായി രാജനും കാരായി ചന്ദ്രശേഖരനും വിധി സ്വാഗതം ചെയ്യുന്നതായി ഫസലിന്റെ ജ്യേഷ്ഠൻ അബ്ദുൾറഹ്മാനും പ്രതികരിച്ചു.