തിരുവനന്തപുരം
സഹകരണമേഖലയോടുള്ള കേന്ദ്ര സർക്കാർ നിലപാട് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ബാങ്കിങ് നിയമ ഭേദഗതിമൂലമുണ്ടാകാവുന്ന പ്രശ്നം ഒഴിവാക്കാനുള്ള നടപടി, സംസ്ഥാന സഹകരണ നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. അടുത്ത നിയമസഭാ സമ്മേളനത്തിനുമുമ്പ് യോഗം വിളിക്കാനാണ് ആലോചനയെന്നും കേരള പത്രപ്രവർത്തക യൂണിയന്റെ മുഖാമുഖം പരിപാടിയിൽ മന്ത്രി വ്യക്തമാക്കി.
ബാങ്കിങ് നിയമ ഭേദഗതി നടപ്പാക്കാനായി സർക്കാരിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സഹകരണമേഖലയ്ക്ക് നിയമഭേദഗതി ഉയർത്തുന്ന ഭീഷണി കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മറുപടിയൊന്നുമില്ല.
1969ലെ കേരള സഹകരണ സംഘങ്ങൾ നിയമത്തിൽ കാലോചിത മാറ്റംവേണം. കെയർ ഹോമിൽ തൃശൂരിൽ പൂർത്തിയാകുന്ന ഫ്ലാറ്റുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ കൈമാറും. ‘മുറ്റത്തെ മുല്ല’ പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കും. കലാകാരന്മാരുടെ സഹകരണ സംഘം പ്രഖ്യാപനം ആഗസ്തിലുണ്ടാകും. രജിസ്ട്രേഷൻ, ബാധ്യത രഹിത സർട്ടിഫിക്കറ്റ് രേഖകളടക്കം ഓൺലൈനിലാക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി.