തിരുവനന്തപുരം
പ്രതിസന്ധിയിലായ ചെറുകിട വ്യവസായമേഖല പ്രതീക്ഷയുടെ നല്ലകാലത്തേക്ക് ചുവടുവയ്ക്കുന്നു. സംസ്ഥാന സർക്കാരിന്റെ 1416 കോടിയുടെ കോവിഡ് സഹായ പദ്ധതിയാണ് ഈ മേഖലയെ കൈപിടിച്ചുയർത്തുന്നത്. കുറഞ്ഞ പലിശയ്ക്ക് വായ്പയും സബ്സിഡിയും ഇളവും നൽകി ധനകാര്യസ്ഥാപനം വഴിയാകും പദ്ധതി നടപ്പാക്കുക. ബജറ്റിൽ പ്രഖ്യാപിച്ച 139 കോടിയും പലിശ സബ്സിഡിക്കും ധനസഹായത്തിനും ഉപയോഗിക്കും. ജൂലൈ ഒന്നുമുതൽ ഡിസംബർവരെയാണ് പദ്ധതി.
ആവോളം ആനുകൂല്യം
● എംഎസ്എംഇകൾക്ക് ഒരു വർഷം 50 ശതമാനം പലിശ ധനസഹായം
● യൂണിറ്റുകൾക്കുള്ള സബ്സിഡി 20ൽ നിന്ന് 30 ലക്ഷമാക്കി
● മുൻഗണനാ വ്യവസായങ്ങൾക്ക് സബ്സിഡി 30ൽ നിന്ന് 40 ലക്ഷമാക്കി
● നാനോ യൂണിറ്റിന് 60 കോടി ധനസഹായം; 600 യൂണിറ്റുകൾക്ക്
● കെഎസ്ഐഡിസി നൽകുന്ന ഭൂമിക്ക് ആദ്യം 20 ശതമാനം തുക
● ആരോഗ്യമേഖലയിലുള്ളവയ്ക്ക് കെഎസ്ഐഡിസിയുടെ 100 കോടി വായ്പ
● 150 എംഎസ്എംഇ സംരംഭകർക്ക് അഞ്ചു ശതമാനം പലിശയ്ക്ക് 100 കോടി രൂപ
● മൊറട്ടോറിയം ജൂൺവരെ
● കിൻഫ്രയുടെ ഭൂമിവില 2020 മാർച്ചിലെ നിരക്കിൽ നിലനിർത്തി
● സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിക്ക് മൂന്നുമാസത്തെ വാടക ഒഴിവാക്കി