-വെംബ്ലി
ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് ഇംഗ്ലണ്ട് ചരിത്രത്തിലാദ്യമായി യൂറോ കപ്പ് ഫൈനലിൽ കടന്നു. സെമിയുടെ അധികസമയത്ത് ഹാരി കെയ്നാണ് വിജയഗോൾ നേടിയത്. കലാശപ്പോരിൽ ഞായറാഴ്ച രാത്രി 12.30ന് ഇറ്റലിയെ നേരിടും. 1966ൽ ലോകകപ്പ് നേടിയശേഷം ഇംഗ്ലണ്ട് ഒരു പ്രധാന ടൂർണമെന്റിലും ഫൈനൽ കണ്ടിട്ടില്ല.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി. അധികസമയത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ഇംഗ്ലണ്ടിന് പെനൽറ്റി ലഭിച്ചു. റഹീം സ്റ്റെർലിങ്ങിനെ ബോക്സിൽ വീഴ്ത്തിയതിന് കിട്ടിയ പെനൽറ്റി ഹാരി കെയ്ൻ അടിച്ചത് ഡെൻമാർക്ക് ഗോളി കാസ്പെർ ഷ്മൈക്കേൽ തട്ടിയിട്ടു. കുതിച്ചെത്തിയ കെയ്ൻ പന്ത് വലയിലേക്ക് അടിച്ചുകയറ്റി.
മുപ്പതാം മിനിറ്റിൽ ഡെൻമാർക്കാണ് ആദ്യം ഗോളടിച്ചത്. ഫ്രീകിക്കിലൂടെ മൈക്കൽ ഡാംസ്ഗാർഡ് ലക്ഷ്യം കണ്ടു. ഗോളി ജോർദൻ പിക്ക്ഫോർഡ് അനങ്ങും മുമ്പ് പന്ത് വലയിലേക്ക് ഊർന്നിറങ്ങി. ഈ യൂറോയിലെ ആദ്യ ഫ്രീകിക്ക് ഗോൾ. ഇംഗ്ലണ്ടിന്റെ വലയിൽ ഗോൾ വീഴുന്നതും ആദ്യം. ഒമ്പത് മിനിറ്റിനിടെ സമനില ഗോൾ വന്നു. ഹാരി കെയ്നും ബുകായോ സാകയും ചേർന്നൊരുക്കിയ നീക്കം. ഗോൾവരയിലേക്ക് കൃത്യമായി എത്തിയ പന്തിനായി സ്റ്റെർലിങ്ങ് ചാടിവീഴുംമുമ്പ് ഡെൻമാർക്ക് ക്യാപ്റ്റൻ സിമോൺ കെയറിന്റെ കാലിൽതട്ടി വലയിൽ കയറി. യൂറോയിലെ പതിനൊന്നാം ദാനഗോൾ. രണ്ടാം പകുതിയിൽ ലീഡിനായി ഇരു ടീമുകളും രണ്ടുംകൽപിച്ച് പൊരുതിയെങ്കിലും ഫലമുണ്ടായില്ല.