തിരുവനന്തപുരം
റവന്യൂവകുപ്പിനു കീഴിൽ റവന്യൂ സെക്രട്ടറിയറ്റ് പ്രവർത്തനമാരംഭിച്ചു. റവന്യൂ, -ഭവന നിർമാണവകുപ്പിലെ മേധാവികളെ ഉൾപ്പെടുത്തിയാണ് സെക്രട്ടറിയറ്റ് രൂപീകരിച്ചത്. എല്ലാ ബുധനാഴ്ചയും യോഗം ചേർന്ന് റവന്യൂവകുപ്പ് പ്രവർത്തനം വിലയിരുത്തും. സേവനം ആധുനികവൽക്കരിക്കുന്നതിനൊപ്പം ജനകീയമാക്കുകയാണ് ലക്ഷ്യം.
സെക്രട്ടറിയറ്റിന്റെ ആദ്യയോഗം മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്നു. ഒരു വർഷത്തിനകം വകുപ്പ് പ്രവർത്തനം പുനഃക്രമീകരിക്കാനും സുതാര്യമാക്കാനും നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇൻഫർമേഷൻ ബ്യൂറോ, ബുള്ളറ്റിൻ, കോൾ സെന്റർ എന്നിവ തുടങ്ങും. കോവിഡിന് ശമനം വന്നാലുടൻ അദാലത്തുകൾ സംഘടിപ്പിക്കും. വില്ലേജ് ഓഫീസ് നിർമാണം ജനകീയ പങ്കാളിത്തത്തോടെ ചാത്തന്നൂർ മാതൃകയിൽ നടത്തും. വില്ലേജ്തല ജനകീയ സമിതി പുനഃസംഘടിപ്പിക്കും. ആസ്ഥാനമന്ദിരമായി റവന്യൂഭവൻ പണിയണമെന്നും യോഗം നിർദേശിച്ചു.
റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, സർവേ ഡയറക്ടർ, ദുരന്തനിവാരണ കമീഷണർ, ഹൗസിങ് ബോർഡ് കമീഷണർ, ഐഎൽഡിഎം ഡയറക്ടർ, നിർമിതികേന്ദ്രം ഡയറക്ടർ എന്നിവർ പങ്കെടുത്തു. സമാന യോഗം ജില്ലകളിലും വിളിക്കണമെന്ന് കലക്ടർമാർക്ക് മന്ത്രി നിർദേശം നൽകി.