തിരുവനന്തപുരം
പരമാവധി പേർക്ക് നിയമനമെന്ന പ്രഖ്യാപിത നയവുമായി എൽഡിഎഫ് സർക്കാർ നീങ്ങുമ്പോൾ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്(എൽജിഎസ്) റാങ്ക് പട്ടികയിൽനിന്ന് മാത്രം ഇതുവരെ നിയമനം കിട്ടിയത് 6613 പേർക്ക്. മഹാമാരിയിലും ഉദ്യോഗാർഥികളെ ചേർത്തുപിടിക്കുകയാണ് സർക്കാർ. വിദ്യാലയങ്ങളിൽ അധ്യാപകരെയും ലാബ് അസിസ്റ്റന്റുമാരേയും നിയമിക്കാൻ ഉത്തരവിറക്കിയതിനൊപ്പം മറ്റുവകുപ്പുകളിലും റെക്കോർഡ് നിയമനമാണ്. ലാസ്റ്റ് ഗ്രേഡ് നിയമനം അതിവേഗത്തിലാണ്. സർക്കാർ സ്കൂളുകളിൽ 3716ഉം എയ്ഡഡ് സ്കൂളുകളിൽ 4642 ഉം പേർക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ദിവസം ഉത്തരവ് ലഭിച്ചു.
എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നിമയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമരത്തിനിറങ്ങിയപ്പോൾ പരമാവധി പേർക്ക് നിയമനം നൽകുമെന്ന് സർക്കാർ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയ പ്രേരിതമായി സമരം നീട്ടാനായിരുന്നു പലരുടെയും ശ്രമം. ഉറപ്പ് പാലിച്ച് സർക്കാർ മുന്നോട്ടുപോകുകയാണ്. സെക്രട്ടറിയറ്റിനു മുന്നിൽ സമരത്തിലുണ്ടായിരുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശി ടി ഡി ഡെൻസിക്ക് റവന്യൂവകുപ്പിൽ നിയമനം ലഭിച്ചു. 497–-ാം റാങ്കായിരുന്നു ഡെൻസിക്ക്. ആറ് ജില്ലയിൽ എഴുനൂറിലധികം പേർക്ക് ജോലികിട്ടി. മൂന്ന് മാസത്തിനുള്ളിൽ എൽജിഎസ് ലിസ്റ്റിൽനിന്നും ആയിരത്തോളം പേർക്കാണ് നിയമനം നൽകിയത്.
ആഗസ്ത് നാലിന് എൽജിഎസ് റാങ്ക് പട്ടിക കാലാവധി തീരും. അന്നുവരെയുള്ള ഒഴിവ് സ്പാർക്ക് മുഖേന കണ്ടെത്തി പ്രതീക്ഷിത ഒഴിവുകളായി (ആന്റിസിപ്പേറ്റഡ് വേക്കൻസി) പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പരമാവധി ഒഴിവ് കണ്ടെത്തി നിയമന ശുപാർശ അയക്കാനുള്ള ശ്രമത്തിലാണ് പിഎസ്സിയും. കോവിഡ് സാഹചര്യത്തിൽ എസ്എംഎസ് വഴിയാണ് നിയമന വിവരം അറിയിക്കുന്നത്.