വെംബ്ലി
ഇറ്റലിക്കെതിരായ തോൽവിക്കുശേഷം സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ കൂടുതൽ സംസാരിച്ചത് ഒരു പതിനെട്ടുകാരനെക്കുറിച്ചാണ്. ‘പെഡ്രി ഈ ടീമിലെ രത്നമാണ്. ലോകകപ്പിലോ ഒളിമ്പിക്സിലോ യൂറോയിലോ ഈ പ്രായത്തിൽ ആരും ഇതുപോലെ കളിക്കുന്നത് കണ്ടിട്ടില്ല. ആന്ദ്രേ ഇനിയേസ്റ്റയ്ക്കുപോലും കഴിയില്ല. ഇവനെ കരുതലോടെ കാക്കണം’.
ഈ യൂറോ കണ്ട ഏറ്റവും മികച്ച കളിക്കാരനെന്ന വിശേഷണവുമായാണ് പെഡ്രി മടങ്ങുന്നത്. സ്പാനിഷ് കുപ്പായത്തിൽ നാല് മത്സരത്തിന്റെ മാത്രം പരിചയവുമായി എത്തിയ മധ്യനിരക്കാരൻ കളത്തിൽ ടീമിന്റെ കണ്ണും കാതുമായി. ആറ് കളിയിൽ 629 മിനിറ്റുകൾ കളിച്ചു. 429 പാസുകൾ കൈമാറി. ആകെ 465 പാസുകൾക്കായിരുന്നു ശ്രമിച്ചത്. ഇതിൽ 92 ശതമാനവും വിജയം. 76.1 കിലോമീറ്റർ മൈതാനത്ത് ഓടി. പോയ സീസണിൽ ബാഴ്സലോണയ്ക്കായി തെളിഞ്ഞതാണ് പെഡ്രിയെ സ്പെയ്ൻ കുപ്പായത്തിലെത്തിച്ചത്. 52 കളിയിൽ ബാഴ്സ നിരയിലിറങ്ങി. ലയണൽ മെസി കളിച്ചത് 47 എണ്ണം.
യൂറോയിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പെയ്ൻ കളിക്കാരനെന്ന ഖ്യാതി നേടി. അളന്നുമുറിച്ച പാസുകൾ, ഓരോ നീക്കങ്ങളിലും ആശയങ്ങൾ. സെർജിയോ ബുസ്ക്വെറ്റ്സും കൊക്കെയും ഉൾപ്പെട്ട പരിചയസമ്പന്നരുടെ ഇടയിൽ പെഡ്രി സ്പാനിഷ് മധ്യനിര അടക്കിവാണു. പ്രതിരോധത്തിലും ഗോളൊരുക്കത്തിലും മുന്നേറ്റത്തിലും പെഡ്രിയുണ്ടായി.
ഈ യൂറോയിൽ സ്പെയ്നിനായി ഏറ്റവും കൂടുതൽ കളിച്ച മൂന്നാമത്തെ താരമാണ്. ആറ് കളിയിൽ മൈതാനത്ത് 76.1 കിലോമീറ്റർ താണ്ടിയത് യൂറോയിൽ റെക്കോഡാണ്. ഇറ്റലിയുടെ ജോർജീന്യോയാണ് (72.3 കിമീ) രണ്ടാമത്. സെമിയിൽ ഇറ്റലിയെ പൂട്ടിയതിൽ പ്രധാനിയും പെഡ്രി തന്നെ. മധ്യത്തിൽ പെഡ്രി നിറഞ്ഞതോടെ ഇറ്റലി പന്ത് കിട്ടാതെ വലഞ്ഞു. 65 പാസുകളാണ് കളിയിൽ കൈമാറിയത്.
സ്പെയ്നിലെ കാനറി ദ്വീപിലെ ടെഗുവെസ്റ്റെയിൽനിന്നാണ് വരവ്. രണ്ടാം ഡിവിഷൻ ടീം ലാസ് പൽമാസിൽനിന്ന് 2019ലാണ് ബാഴ്സയുമായി കരാറിലെത്തിയത്. കഴിഞ്ഞ വർഷമായിരുന്നു അരങ്ങേറ്റം.