ലണ്ടൻ
വിംബിൾഡണിൽ ഒമ്പതാം കിരീടം ലക്ഷ്യമിട്ട സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ പുറത്തായി. ക്വാർട്ടറിൽ പോളിഷ് താരം ഹൂബർട്ട് ഹുർകാക്സ് 6–-3, 7–-6, 6–-0ന് അട്ടിമറിച്ചു. ഇരുപത് ഗ്രാൻഡ് സ്ലാം കിരീടങ്ങളുള്ള മുപ്പത്തൊമ്പതുകാരന്റെ അവസാന വിംബിൾഡൺ ആകാനാണ് സാധ്യത. ഇവിടെ കിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് ഓപ്പൺ മത്സരത്തിനിടെ ഫെഡറർ പിൻമാറിയിരുന്നു.
ലോക ഒന്നാംനമ്പർ താരം സെർബിയയുടെ നൊവാക് ജോകോവിച്ച് സെമിയിൽ കടന്നു. ഹംഗറിയുടെ മാർട്ടൻ ഫുസ്കോവിക്സിനെ 6–-3, 6–-4, 6–4ന് തോൽപ്പിച്ചു. പത്താംതവണയാണ് ജോകോ സെമിയിലെത്തുന്നത്. അഞ്ചുതവണ ചാമ്പ്യനായി. കാനഡയുടെ ഇരുപത്തിരണ്ടുകാരൻ ഡെനിസ് ഷാപോവലോവ് അഞ്ച് സെറ്റ് പോരാട്ടത്തിൽ റഷ്യയുടെ കാരൻ കാചനോഷിനെ തോൽപ്പിച്ച് അവസാന നാലിൽ എത്തി. സ്കോർ: 6–-4, 3–-6, 5–-7, 6–-1, 6–-4. സെമിയിൽ ഇന്ന് ജോകോവിച്ചാണ് എതിരാളി. ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനി കാനഡയുടെ ഫെലിക്സ് ഓഗറെ 3–-6, 7–-5, 7–-5, 6–-3ന് തോൽപിച്ചു. ബെരെറ്റിനിയും ഹൂബർട്ടും തമ്മിലാണ് സെമി. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ–-രോഹൻ ബൊപ്പണ്ണ സഖ്യം പ്രീ ക്വാർട്ടറിൽ തോറ്റു. ജീൻ ജൂലിയൻ റോജർ (സ്ലൊവേനിയ)–-ആന്ദ്രെജ ക്ലെപക് (ഡച്ച്) സഖ്യം 6–-3, 3–-6, 11–-9ന് മുന്നേറി.
വനിതാ സെമിയിൽ ഇന്ന് ഒന്നാംറാങ്കുകാരി ഓസ്ട്രേലിയയുടെ ആഷ്ലി ബാർടി 2018ലെ ചാമ്പ്യൻ ജർമനിയുടെ ആന്ദ്രേ കെർബറെ നേരിടും. ചെക്ക് താരം കരോലിന പ്ലിസ്കോവയുടെ എതിരാളി ബെലാറസിന്റെ അരീന സബലെങ്കയാണ്.