ടോക്യോ
ഒളിമ്പിക്സിനായി ടോക്യോയിലെത്തിയ സെർബിയൻ ടീമിലും കോവിഡ് കണ്ടെത്തിയത് സംഘാടകരെ ആശങ്കയിലാക്കി. ഉഗാണ്ട ടീമിലെ രണ്ടുപേർക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും ആശങ്ക ഇതോടെ ഇരട്ടിച്ചു. ടോക്യോയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തവരാവസ്ഥ നീട്ടി. ആഗസ്ത് 22വരെയാണ് കടുത്ത നിയന്ത്രണം. ഒളിമ്പിക്സ് 23 മുതൽ ആഗസ്ത് എട്ടുവരെയാണ്. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കാനിടയില്ല.
നേരത്തെ സ്റ്റേഡിയത്തിലേക്ക് തദ്ദേശീയരായ പകുതി കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പരമാവധി പതിനായിരം പേരെയാണ് ഉദ്ദേശിച്ചിരുന്നത്. വിദേശ കാണികൾക്ക് പ്രവേശനമില്ലെന്ന് മുമ്പ് പ്രഖ്യാപിച്ചതാണ്. ടോക്യോ നഗരത്തിൽ ഇന്നലെ 920 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. ഒളിമ്പിക്സ് നടത്തുന്നതിൽ ജനങ്ങൾ എതിരാണ്. പുതിയ സർവേപ്രകാരം 60 ശതമാനം ജനങ്ങൾക്കും എതിർപ്പാണ്. രാജ്യത്ത് കുത്തിവയ്പ് മന്ദഗതിയിലാണ്. ജനസംഖ്യയിൽ പത്ത് ശതമാനം മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളു.