ബ്രസീലിയ
സമ്മർദത്തിന്റെ തീച്ചൂളയിലായിരുന്നു ലയണൽ മെസിയും കൂട്ടരും. വീണ്ടുമൊരു ഷൂട്ടൗട്ട്. വർഷങ്ങൾക്കുമുമ്പുള്ള കോപ ഫൈനലിൽ ചിലിയോട് ഷൂട്ടൗട്ടിൽ തകർന്നുപോയതിന്റെ ഓർമകൾ തൂങ്ങിനിൽക്കുന്ന ഘട്ടം. ഇക്കുറി കോപ സെമി വേദി. എതിരാളികൾ കൊളംബിയ. ചിരിച്ചും പിറുപിറുത്തും സഹതാരങ്ങളെ ചേർത്തുപിടിച്ചും എമിലിയാനോ മാർട്ടിനെസ് എന്ന അവരുടെ ഗോൾ കീപ്പർ വലയ്ക്കുമുന്നിലേക്ക് നടന്നടുത്തു.
കൊളംബിയക്കായി യുവാൻ കൊദ്രാദോ അനായാസം കിക്ക് വലയിലാക്കിയപ്പോൾ അർജന്റീനയുടെ ഊഴം മെസിയുടെ കാലുകളിൽ. ചിലിക്കെതിരെ കിക്ക് ബാറിന് മുകളിലൂടെ പറത്തിക്കളഞ്ഞ സമ്മർദത്തിന്റെ അതേമുഖം. പക്ഷേ, ഇക്കുറി കിക്കിന് ലക്ഷ്യബോധമുണ്ടായി.രണ്ടാമത്തെ കിക്ക്. കൊളംബിയക്കായി കിക്കെടുക്കാൻ ഡേവിസൺ സാഞ്ചെസ്. മാർട്ടിനെസ് സാഞ്ചെസിന്റെ മുഖത്തുനോക്കി. വലതുഭാഗത്തേക്ക് ഒറ്റച്ചാട്ടം. പന്ത് പുറത്തേക്ക്. ആനുകൂല്യം അർജന്റീനയ്ക്ക്. പക്ഷേ, അർജന്റീനയുടെ രണ്ടാം കിക്ക് റോഡ്രിഗോ ഡിപോൾ പാഴാക്കിയപ്പോൾ ആശങ്ക വീണ്ടും കനത്തു.
മാർട്ടിനെസ് മാത്രം പതറിയില്ല. യെറി മിനയെയും ഈ പൊക്കക്കാരൻ തടഞ്ഞു. അർജന്റീനയ്ക്കായി ലിയാൻഡ്രോ പരദെസ് ലക്ഷ്യം കണ്ടു. അടുത്ത കിക്ക് മിഗ്വേൽ ബോർഹയിലൂടെ കൊളംബിയയും നേടി. അർജന്റീനയ്ക്കായി ലൗതാരോ മാർട്ടിനെസ് ലക്ഷ്യം കണ്ടതോടെ സ്കോർ 3–-2. കൊളംബിയയുടെ അഞ്ചാം കിക്കിനായി എത്തിയത് എഡ്വിൻ കർഡോണ. മാർട്ടിനെസ് കർഡോണയുടെ മനസ്സ് വായിച്ചു. ചാട്ടം പിഴച്ചില്ല. കോപയിലെ സ്വപ്നഫൈനലിലേക്കാണ് മാർട്ടിനെസ് അർജന്റീനയെ നയിച്ചത്. ഞായറാഴ്ച പുലർച്ചെ ബ്രസീലുമായുള്ള പോരാട്ടത്തിലേക്ക്.
പലതവണ അരികെയെത്തിയിട്ടും അവസാനശ്രമത്തിൽ പിടിവിട്ടുപോയ ഒരു രാജ്യാന്തര കിരീടത്തിനായുള്ള മെസിയുടെ സ്വപ്നത്തിനാണ് മാർട്ടിനെസ് ചിറകുനൽകിയിരിക്കുന്നത്. ഒരു ജയം ആ കാത്തിരിപ്പ് അവസാനിപ്പിക്കും.കളിക്കൊപ്പം കായികപരമായും കളത്തിൽ കരുത്തുകാട്ടുന്ന കൊളംബിയക്കെതിരെ എളുപ്പമായിരുന്നില്ല അർജന്റീനയ്ക്ക്. ഏഴാം മിനിറ്റിൽ മെസിയൊരുക്കിയ നീക്കത്തിൽ ലൗതാരോ മാർട്ടിനെസ് ലക്ഷ്യം കണ്ടപ്പോൾ ആ ഗോളിൽ കടന്നുകൂടാമെന്നായിരുന്നു അർജന്റീനയുടെ കണക്കുകൂട്ടൽ. പക്ഷേ, കൊളംബിയ കളംപിടിച്ചതോടെ ആ മോഹം പൊലിഞ്ഞു. 61–-ാം മിനിറ്റിൽ കൊളംബിയയെ ലൂയിസ് ഡയസ് ഒപ്പമെത്തിച്ചു. എയ്ഞ്ചൽ ഡി മരിയ ഇറങ്ങിയപ്പോൾ അർജന്റീന ചില മിന്നലാട്ടങ്ങൾ കാട്ടി.