വെംബ്ലി
ഊർജമൊക്കെ വറ്റിയിട്ടും ഇറ്റലി നേടി.സ്പെയ്നുമായുള്ള സെമി ഇറ്റലിക്ക് കടുത്ത പരീക്ഷണമായിരുന്നു. അവസാന നിമിഷംവരെയും ഷൂട്ടൗട്ടിലും ആ പരീക്ഷണം അതിജീവിക്കാനുള്ള മനക്കരുത്ത് റോബർട്ടോ മാൻസീനിയുടെ സംഘത്തിനുണ്ടായി. അവർ 11 സിംഹങ്ങളായിരുന്നുവെന്ന് മുൻ പരിശീലകൻ ക്ലോഡിയോ റെനിയേരി ഇറ്റാലിയൻ ടീമിനെക്കുറിച്ച് പറഞ്ഞതും അതുകൊണ്ടാണ്.
സ്പെയ്ൻ അതിമനോഹരമായി കളിച്ചു. പന്തടക്കത്തിലും നീക്കങ്ങളിലും തന്ത്രങ്ങളിലും ലൂയിസ് എൻറിക്വെയുടെ കുട്ടികൾതന്നെയായിരുന്നു മുന്നിൽ. 16 തവണയാണ് ഇറ്റാലിയൻ ഗോൾമുഖം അവർ ആക്രമിച്ചത്. കളിഗതിക്കെതിരായ ഫെഡെറികോ കിയേസയുടെ ഗോൾ സ്പെയ്നിനെ തളർത്തിയില്ല. കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ അൽവാരോ മൊറാട്ട അവരെ ഒപ്പമെത്തിച്ചപ്പോൾ അത് അർഹിച്ച നേട്ടമായി. സുന്ദര ഗോളിൽ ടീമിന് ജീവൻ നൽകിയ അതേ മൊറാട്ടയ്ക്ക് ഷൂട്ടൗട്ടിൽ പിഴച്ചപ്പോൾ നിരാശയോടെ സ്പാനിഷ് സംഘത്തിന് മടങ്ങേണ്ടിവന്നു. ഇറ്റലി അങ്ങനെയായിരുന്നില്ല. മാനുവൽ ലോകാട്ടെല്ലി ഒഴികെയുള്ളവർ കൃത്യമായി ലക്ഷ്യത്തിലേക്ക് പന്തെത്തിച്ചു. അവസാന കിക്ക് എടുത്ത ജോർജിന്യോ അനായാസം പന്തിനെ വലയിലേക്ക് തട്ടിയിട്ടു.
കളിയുടെ ആദ്യഘട്ടത്തിൽ ഇറ്റലിക്ക് പന്ത് കിട്ടിയില്ല. സ്പാനിഷ് മധ്യനിരയും ഇറ്റാലിയൻ മധ്യനിരയും തമ്മിലുള്ള വ്യത്യാസം പ്രകടനത്തിൽ കണ്ടു. ഇറ്റലിയുടെ കളിഗതി നിശ്ചയിക്കുന്ന മാർകോ വെറാറ്റിയും ജോർജിന്യോയും സ്പെയ്നിന്റെ പന്തടക്കക്കളിയിൽ ഒടുങ്ങി. പെഡ്രിയും സെർജിയോ ബുസ്ക്വെറ്റ്സും കോകെയും ഉൾപ്പെട്ട സ്പാനിഷ് മധ്യനിര കളംവരച്ച് മുന്നേറി.
കിയേസയുടെ മനോഹര ഷോട്ടാണ് ഇറ്റലിയെ ഉണർത്തിയത്. പക്ഷേ, സ്പെയ്ൻ ആക്രമണത്തിന് മൂർച്ച കൂട്ടുകയായിരുന്നു. ഇറ്റലിയെ പിൻവലിയാൻ പ്രേരിപ്പിച്ചു. പ്രതിരോധത്തിൽ ഇറ്റലി അവരുടെ താളം കണ്ടെത്തുന്നതാണ് പിന്നെ കണ്ടത്. ജോർജിയോ കില്ലെനിയും ലിയനാർഡോ ബൊനൂഷിയും പ്രതിരോധത്തെ ഒത്തിണക്കത്തോടെ കാത്തു. അവിടേക്കാണ് പകരക്കാരനായെത്തിയ അൽവാരോ മൊറാട്ട പഴുത് കണ്ടെത്തി കുതിച്ചത്.
അവസാന നിമിഷങ്ങളിൽ സ്പെയ്ൻ ചുറ്റിമുറുക്കിയെങ്കിലും കില്ലെനിയുടെയും ബൊനൂഷിയുടെയും പ്രകടനം ഇറ്റലിയെ കാത്തു. ഷൂട്ടൗട്ടിൽ മൊറാട്ടയെ തടഞ്ഞ് ജിയാൻല്യൂജി ദൊന്നരുമ്മ വീരനായകനുമായി. കഴിഞ്ഞ ലോകകപ്പിൽ യോഗ്യത കിട്ടാതെ മടങ്ങിയ ഇറ്റലിക്ക് ആധിപത്യം വീണ്ടെടുക്കാനുള്ള അവസരമാണിനി. 34 മത്സരങ്ങളാണ് തോൽവിയറിയാതെ പൂർത്തിയാക്കിയത്.