തിരുവനന്തപുരം
ആത്മീയകേന്ദ്രമായ ശിവഗിരിയുടെ യശസ്സും പാരമ്പര്യവും ഉയർത്തിപ്പിടിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എല്ലാ മതത്തിന്റെയും നന്മകളെ സ്വാംശീകരിക്കാൻ അദ്ദേഹത്തിനായി. ജീവിതവിശുദ്ധികൊണ്ട് സന്യാസലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തി. ശ്രീനാരായണീയ പ്രസ്ഥാനത്തെ കൈപ്പിടിയിലാക്കാൻ വർഗീയശക്തികൾ നടത്തിയ നീക്കത്തെ ചെറുക്കാൻ സ്വാമിക്കായി. ഹൈന്ദവ സംസ്കാരത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പിന്തിരിപ്പൻ നീക്കങ്ങളെ എതിർത്തു. ശ്രീനാരായണ ധർമ സംഘം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ നൽകിയ സംഭാവനയും നിസ്തുലമാണ്.
ഗുരുദേവന്റെ നവോത്ഥാന ദർശനം ഏറ്റെടുത്ത് മുന്നേറിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് പ്രത്യേക മമത കാട്ടി. പ്രകാശാനന്ദയുടെ വിയോഗം ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്ക് മാത്രമല്ല പുരോഗമന സമൂഹത്തിനും തീരാനഷ്ടമാണെന്ന് സന്ദേശത്തിൽ പറഞ്ഞു.
ഗുരു പൈതൃകത്തിന്റെ
ചൈതന്യ ദീപ്തി: മുഖ്യമന്ത്രി
ശ്രീനാരായണ പൈതൃക ത്തിന്റെ വർത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ശ്രീനാരായണ ഗുരുവിന്റെ സങ്കൽപ്പത്തെ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്കായി സമർപ്പിതമായ ജീവിതമായിരുന്നു പ്രകാശാനന്ദയുടേത്. സന്യാസരംഗത്തെ മാതൃകാവ്യക്തിത്വമെന്നും നിസ്സംശയം വിശേഷിപ്പിക്കാനാകും.
നിസ്വാർഥവും സമർപ്പിതവുമായ പ്രവർത്തനത്തിലൂടെ ശ്രീനാരായണ സംസ്കാരത്തെ പുതിയ മാനങ്ങളിലേക്കുയർത്താൻ സ്വാമി പ്രകാശാനന്ദയ്ക്ക് സാധിച്ചുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രകാശാനന്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ എന്നിവരും അനുശോചിച്ചു.