മുംബൈ
ഭീമ കൊറേഗാവ് കേസിൽ തലോജ ജയിലിലുള്ള 10 പേർ ഫാ. സ്റ്റാൻ സ്വാമിയുടെ ഭരണകൂട ഹത്യയിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഏകദിന നിരാഹാര സമരം നടത്തി. ശ്രദ്ധയില്ലാത്ത ജയിലുകളും നിസംഗമായ കോടതികളും വിദ്വേഷമുള്ള അന്വേഷണ ഏജൻസികളുമാണ് സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്ന് ഇവർ കുടുംബാംഗങ്ങൾ വഴി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സ്റ്റാൻ സ്വാമിയെ ദ്രോഹിക്കാനുള്ള ഒരു അവസരവും എൻഐഎയും തലോജ ജയിലിലെ മുൻ സൂപ്രണ്ട് കൗസ്തൂഭ് കുർലേക്കറും പാഴാക്കിയില്ല. എൻഐഎ ഉദ്യോഗസ്ഥരെയും കൗസ്തൂഭിനെയും വിചാരണ ചെയ്യണം. മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം–- പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റോണ വിൽസൺ, സുരേന്ദ്ര ഗാഡ്ലിങ്, സുധീർ ധവ്ളെ, മഹേഷ് റാവത്ത്, അരുൺ ഫെരേര, വെർണൻ ഗൊൺസാൽവസ്, ഗൗതം നവ്ലഖ, ഡോ. ആനന്ദ് തെൽതുംബ്ഡെ, രമേശ് ഗെയ്ച്ചോഡ്, സാഗർ ഗോർഖെ എന്നിവരാണ് നിരാഹര സമരം നടത്തിയത്.
വിവിധ ബാരക്കുകളിലുള്ള ഇവർ ചൊവ്വാഴ്ച ഒത്തുകൂടി സ്റ്റാൻ സ്വാമിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിച്ചു. കേസിൽ അറസ്റ്റിലായ സുധ ഭരദ്വാജ്, ഷോമ സെൻ, ജ്യോതി ജഗ്തപ് എന്നിവർ ബൈക്കുള ജയിലിലാണ്.