പോർട്ടോ പ്രിൻസ്
ഹെയ്തി പ്രസിഡന്റ് ജൊവെനെൽ മോയിസി (53)നെ അക്രമികൾ വീട്ടിൽ കയറി വധിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ മാർതീൻ മോയിസ് ആശുപത്രിയിലാണ്. തിങ്കളാഴ്ച ആരിയൽ ഹെൻറിയെ പ്രധാനമന്ത്രിയായി നിയമിച്ച് മണിക്കൂറുകൾക്കകം പ്രസിഡന്റ് കൊല്ലപ്പെട്ടത്. 2017 ഫെബ്രുവരിയിൽ മോയിസ് പ്രസിഡന്റായശേഷം നിയമിക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ് ഹെൻറി. ഏപ്രിലിൽ ഇടക്കാല പ്രധാനമന്ത്രിയായ വിദേശ മന്ത്രി ക്ലോഡ് ജോസഫിന് പകരക്കാരനായാണ് ഹെൻറിയെ നിയമിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് സ്പാനിഷ് സംസാരിക്കുന്ന തോക്കുധാരികൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയിൽ ആക്രമണം നടത്തിയത്. അക്രമികൾ അമേരിക്കയുടെ ലഹരിവിരുദ്ധ ഏജൻസിയുടെ ഏജന്റുമാരാണെന്ന് പ്രഖ്യാപിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. രാജ്യത്തെ ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്നും ജനാധിപത്യം വിജയിക്കുമെന്നും ‘ഇടക്കാല പ്രധാനമന്ത്രി’ ക്ലോഡ് ജോസഫ് പറഞ്ഞു.
പ്രസിഡന്റിന്റെ വധത്തെ തുടർന്ന് തലസ്ഥാനമായ പോർട്ടോ പ്രിൻസിൽ നിരത്തുകൾ ഒഴിഞ്ഞുകിടന്നു. ചിലയിടത്ത് ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ നാഷണൽ പാലസിൽ സുരക്ഷ ശക്തമാക്കി. രണ്ടു വർഷമായി ഹെയ്തിയിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു. മോയിസിന്റെ അധികാര കാലയളവ് 2021 ഫെബ്രുവരിയിൽ പൂർത്തിയായതിനാൽ അദ്ദേഹം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അടുത്തവർഷം പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.