ന്യൂഡൽഹി
കോവിഡ് പ്രതിരോധത്തിലെ ഗുരുതര വീഴ്ചയടക്കം നിരവധി ഭരണപരാജയങ്ങൾ സർക്കാരിനെതിരെ വലിയ ജനരോഷത്തിന് വഴിവച്ച ഘട്ടത്തിലാണ് മുഖംമിനുക്കലെന്ന നിലയിൽ മോഡി സർക്കാരിന്റെ അഴിച്ചുപണി. ഉത്തർപ്രദേശടക്കം അഞ്ച് സംസ്ഥാനത്ത് അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പുണ്ട്. നാലിടങ്ങളിൽ ബിജെപിയാണ് ഭരണകക്ഷി. നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾക്കുമുമ്പ് ജനപ്രീതി തിരിച്ചുപിടിക്കലും ലക്ഷ്യമിടുന്നു.
രണ്ടാം കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിയും ദുരിതവുമാണ് സർക്കാരിന് വലിയ തിരിച്ചടിയായത്. ഒന്നാം വ്യാപനം കുറഞ്ഞതോടെ കോവിഡിനെ സർക്കാർ പിടിച്ചുകെട്ടിയെന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘപരിവാർ വലിയ പ്രചാരണം നടത്തി. രണ്ടാം വ്യാപനം മുന്നിൽക്കണ്ട് ആരോഗ്യ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താൻ നടപടിയെടുത്തില്ല. വാക്സിനേഷൻ വേഗം കൂട്ടിയില്ലെന്നു മാത്രമല്ല ആറു കോടിയിലേറെ വാക്സിൻ ഡോസ് ആഭ്യന്തര ആവശ്യം പരിഗണിക്കാതെ കയറ്റുമതി ചെയ്തു. മാർച്ചിൽ രണ്ടാം വ്യാപനം തീവ്രമായതോടെ കാര്യങ്ങൾ കൈവിട്ടു. ഡൽഹിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻപോലും കിട്ടാതെ രോഗികൾ മരിച്ചു. ആശുപത്രികൾ നിറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർക്കുപോലും ആശുപത്രിയിൽ പ്രവേശനം കിട്ടിയില്ല. യുപി, ബിഹാർ സംസ്ഥാനങ്ങളിൽ ആയിരങ്ങൾ ചികിത്സ കിട്ടാതെ മരിച്ചു. ഗംഗയിൽ നൂറുക്കണക്കിനു ശവമൊഴുകി. മാസങ്ങളെടുത്താണ് ഈ പ്രതിസന്ധി മറികടക്കാനായത്.
മാസങ്ങളായി തുടരുന്ന കർഷകസമരവും സർക്കാരിന്റെ പ്രതിച്ഛായാ നഷ്ടത്തിന് ആക്കമേകി. കോർപറേറ്റ് താൽപ്പര്യങ്ങളാണ് സർക്കാർ സംരക്ഷിക്കുന്നതെന്ന് സാധാരണക്കാർക്കുകൂടി ബോധ്യപ്പെട്ടു. ചൈനയുമായുള്ള അതിർത്തിസംഘർഷവും കശ്മീരിലെ മോശം സുരക്ഷാസ്ഥിതിയുമെല്ലാം സർക്കാരിന് തിരിച്ചടിയായി. ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന് ബോധ്യപ്പെട്ടപ്പോൾത്തന്നെ ആർഎസ്എസ് തന്നെ ഇടപെടാൻ ആരംഭിച്ചു. സർക്കാരിന്റെ ഉന്നതങ്ങളിൽ മാറ്റത്തിനുള്ള ചർച്ച ജൂൺ മധ്യത്തോടെ തുടങ്ങി. അതിന്റെ അനന്തരഫലമാണ് അഴിച്ചുപണി.
ആശ്വസിക്കാൻ ഒന്നുമില്ല!
കോവിഡിന്റെ രണ്ടു വ്യാപനവും അടച്ചിടലും സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. മൈനസ് 7.3 ശതമാനത്തിലേക്ക് ജിഡിപി വളർച്ച ഇടിഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായി. ലക്ഷക്കണക്കിനു തൊഴിലാളികൾ തൊഴിൽ നഷ്ടമായി ഗ്രാമങ്ങളിലേക്ക് മടങ്ങി. ആയിരക്കണക്കിനു തൊഴിൽശാലകൾ പൂട്ടി. ഇന്ധന വിലവർധന ജനദുരിതം തീവ്രമാക്കി. ഭക്ഷ്യഎണ്ണ, പയർ–-പരിപ്പ് വർഗങ്ങൾ തുടങ്ങി അവശ്യവസ്തുക്കളുടെ വിലയും കുതിച്ചു. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ചില പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾക്ക് അതൊന്നും ആശ്വാസമായില്ല.