ന്യൂഡൽഹി
കോവിഡ് പ്രതിരോധത്തിലെ പാളിച്ചയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങളിലെ വീഴ്ചയ്ക്കും പ്രമുഖ മന്ത്രിമാരെ ബലിയാടാക്കി രണ്ടാം മോഡി സർക്കാരിന്റെ സമ്പൂർണ അഴിച്ചുപണി. പ്രധാനമന്ത്രിയുടെ മുഖമായി മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്നിരുന്നവരെയാണ് ഒഴിവാക്കിയതെന്നത് ശ്രദ്ധേയം. ആറ് ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള ഒരു മന്ത്രിയും ഏഴ് സഹമന്ത്രിമാരുമാണ് പുനഃസംഘടനയിൽ പുറത്തായത്.
ഐടി–- നിയമ മന്ത്രി രവിശങ്കർ പ്രസാദ്, ആരോഗ്യമന്ത്രി ഹർഷ്വർധൻ, വനം–- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ, രാസവസ്തു–- രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാൽ, സാമൂഹ്യനീതി–- ശാക്തീകരണ മന്ത്രി തവർചന്ദ് ഗെലോട്ട് എന്നിവരാണ് രാജിവച്ചൊഴിഞ്ഞ ക്യാബിനറ്റ് മന്ത്രിമാർ.
തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുണ്ടായിരുന്ന സഹമന്ത്രി സന്തോഷ് ഗാങ്വാറും പുറത്തായി. ബംഗാളിൽനിന്നുള്ള മുതിർന്ന നേതാവ് ബാബുൾ സുപ്രിയോ( വനം–- പരിസ്ഥിതി), ദേബശ്രീ ചൗധുരി(വനിതാ–- ശിശുവികസനം), രത്തൻലാൽ കട്ടാരിയ(ജലശക്തി–- സാമൂഹ്യനീതി), സഞ്ജയ് ദോത്രെ(വിദ്യാഭ്യാസം), പ്രതാപ് ചന്ദ്ര സാരംഗി(മൃഗസംരക്ഷണം), റാവുസാഹെബ് പാട്ടീൽ(ഭക്ഷ്യ–- പൊതുവിതരണം), അശ്വനികുമാർ ചൗബെ(ആരോഗ്യം) എന്നിവരാണ് പുറത്തായ സഹമന്ത്രിമാർ.
ഭരണപരാജയം
മാത്രമോ?
ആരോഗ്യം, വനം–- പരിസ്ഥിതി, വിദ്യാഭ്യാസം വകുപ്പുകളിൽ ക്യാബിനറ്റ് മന്ത്രിക്കും സഹമന്ത്രിക്കും മാറേണ്ടിവന്നത് ശ്രദ്ധേയമാണ്. രണ്ടാം കോവിഡ് വ്യാപനം തടയുന്നതിലെ പാളിച്ചയാണ് ആരോഗ്യമന്ത്രാലയത്തിലെ പൊളിച്ചെഴുത്തിന് വഴിയൊരുക്കിയത്.
ദളിത് നേതാവും രാജ്യസഭാ നേതാവുമായിരുന്ന തവർചന്ദ് ഗെലോട്ടിനെ കഴിഞ്ഞ ദിവസം കർണാടക ഗവർണറായി നിയമിച്ചിരുന്നു. എന്നാൽ, കടുത്ത സാമ്പത്തികത്തകർച്ചയിലേക്ക് രാജ്യം നീങ്ങിയിട്ടും ധനമന്ത്രി നിർമല സീതാരാമന് മാറ്റമില്ല. ഇന്ധനവില നൂറു കടന്നിട്ടും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കസേര ഉറപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശമന്ത്രി എസ് ജയ്ശങ്കർ, റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്കും ഇളക്കമുണ്ടായില്ല. മന്ത്രിയെന്ന നിലയിൽ പരാജയമാണെങ്കിലും സ്മൃതി ഇറാനിക്കും സ്ഥാനനഷ്ടമുണ്ടായില്ല.