ബീജിങ്
കോവിഡിന്റെ ഉത്ഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. മഹാമാരിയെ രാഷ്ട്രീയവൽക്കരിക്കുന്നതിനെയും അത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഉത്ഭവിച്ചതായി പ്രചരിപ്പിക്കുന്നതിനെയും ചെറുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ലോക രാഷ്ട്രീയ പാർടികളുടെ ഉച്ചകോടിയെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു ഷി.
കോവിഡിന്റെ ഉത്ഭവം ഇനിയും ആധികാരികമായി അറിവായിട്ടില്ല. ചൈനയിലെ പരീക്ഷണശാലയിൽനിന്ന് ചോർന്നതാണെന്ന വാദത്തിൽ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ മാസം നടന്ന ജി 7 ഉച്ചകോടിയും കോവിഡ് ഉത്ഭവത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിഷയത്തിൽ ശാസ്ത്രീയമായ സമീപനമാണ് വേണ്ടതെന്ന് ഷി ഓർമിപ്പിച്ചു. എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നെന്ന് ഉറപ്പാക്കാൻ യോജിച്ച് പ്രവർത്തിക്കണം.
സാങ്കേതികവിദ്യാ പങ്കിടൽ തടയുന്നതിനെയും രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെയും ഒറ്റക്കെട്ടായി നേരിടണം. എല്ലാ രാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കണം. വികസനത്തിന്റെ ഫലം എല്ലാ രാജ്യത്തിനും ലഭിക്കണം. ഭീകരവാദം തടയാൻ സഹകരിച്ച് പ്രവർത്തിക്കണം. ലോകത്തുനിന്ന് പട്ടിണി തുടച്ചുനീക്കാൻ എല്ലാ സഹായവും ചെയ്യാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 160 രാജ്യങ്ങളിൽനിന്നായി രാഷ്ട്രീയ പാർടികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 500ൽപരം നേതാക്കളും പതിനായിരത്തിലധികം പ്രവർത്തകരും ഉച്ചകോടിയിൽ പങ്കെടുത്തു.