കൊളംബോ
ചൈനീസ് കമ്യൂണിസ്റ്റ് പാർടി സ്ഥാപിച്ചതിന്റെ നൂറാം വാർഷികവും ഇരുരാജ്യവും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 65–-ാം വാർഷികവും മുൻനിർത്തി നാണയങ്ങൾ ഇറക്കി ശ്രീലങ്കൻ സെൻട്രൽ ബാങ്ക്. രണ്ട് സ്വർണനാണയവും ഒരു വെള്ളി നാണയവുമാണ് ഇറക്കിയത്. ശ്രീലങ്ക ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 1998ൽ സ്വർണനാണയം ഇറക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് സെൻട്രൽ ബാങ്ക് സ്വർണനാണയം ഇറക്കുന്നത്. വിദേശ രാഷ്ട്രീയ പാർടിക്ക് ഐക്യദാർഢ്യമായി നാണയം ഇറക്കുന്നതും ആദ്യമാണ്.
ഇരു രാജ്യവും തമ്മിലുള്ള ദീർഘകാല സൗഹൃദം സൂചിപ്പിക്കാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് നാണയം ഇറക്കുന്നതെന്ന് ബാങ്ക് പ്രസ്താവിച്ചു. ആയിരം രൂപയുടെ സ്വർണനാണയങ്ങളാണ് ഇറക്കിയത്. 2012ൽ ജപ്പാനുമായുള്ള നയതന്ത്രബന്ധത്തിന്റെ അറുപതാം വാർഷികത്തിൽ നിക്കൽ പൂശിയ വെള്ളിനാണയം ശ്രീലങ്ക ഇറക്കിയിരുന്നു.