ന്യൂഡൽഹി > പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ രാജ്യത്ത് പുതിയ കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തി. 24 മണിക്കൂറിൽ 43,733 പുതിയ രോഗികളും 930 മരണവും റിപ്പോർട്ട്ചെയ്തു. ചൊവ്വാഴ്ച 34,703 കേസാണ് ഉണ്ടായിരുന്നത്. ഒറ്റദിവസം 9003 കേസിന്റെ വർധന. രാജ്യത്ത് 4,59,920 പേർ ചികിത്സയിലുണ്ട്. ഇതുവരെ 36.13 കോടി വാക്സിൻ ഡോസ് കുത്തിവച്ചു.
ആഗസ്തിൽ മൂന്നാംതരംഗം ഉണ്ടാകുമെന്നും സെപ്തംബറിൽ മൂർധന്യത്തിലെത്തുമെന്നുമുള്ള എസ്ബിഎ റിപ്പോർട്ടിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പ്രതികരിച്ചു. ‘പുതിയ തരംഗങ്ങൾ ഉണ്ടാകും. വൈറസ് കൂടുതൽ മാറ്റങ്ങൾക്ക് വിധേയമാകും. ജനങ്ങൾ അതിനെയും നേരിടാൻ പ്രതിരോധശേഷി കൈവരിക്കും’–- ലവ് അഗർവാൾ പറഞ്ഞു. അതേസമയം, രണ്ടാംതരംഗം ഇനിയും അവസാനിച്ചിട്ടില്ല. രാജ്യത്ത് 73 ജില്ലയിൽ 10 ശതമാനത്തിലധികമാണ് രോഗസ്ഥിരീകരണ നിരക്ക്.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ വൻതോതിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുന്നുണ്ട്. മണാലി, ഷിംല, മുസോറി തുടങ്ങിയ ഇടങ്ങളിൽ ആൾക്കാർ ഒത്തുകൂടുന്നതിന്റെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.