തിരുവനന്തപുരം: ഐഎൻഎല്ലിന് താക്കീതുമായി സിപിഎം നേതൃത്വം. എൽഡിഎഫിനും സർക്കാരിനു നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകരുതെന്ന് ഐഎൻഎൽ നേതാക്കൾക്ക് സിപിഎം മുന്നറിയിപ്പ് നൽകി. വിവാദ വിഷയങ്ങളിൽ പരസ്യപ്രതികരണങ്ങൾ പാടില്ലെന്നും നിർദേശമുണ്ട്.
പി.എസ്.സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും ഐഎൻഎൽ നേതാക്കളും തമ്മിലുള്ള ചർച്ചയിലാണ് താക്കീത് നൽകിയത്. അതേസമയം സർക്കാരിന്റേയും മുന്നണിയുടേയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികൾ ഐഎൻഎല്ലിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് ചർച്ചയ്ക്ക് ശേഷം ഐഎൻഎൽ നേതാക്കൾ പ്രതികരിച്ചു.
ഇന്ന് മൂന്ന് മണിക്കാണ് എകെജി സെന്ററിൽ വെച്ച് ഐഎൻഎൽ നേതാക്കളും സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവനും തമ്മിൽ ചർച്ച നടത്തിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഐഎൻഎൽ നേതാക്കൾ വിജയരാഘവനെ അറിയിച്ചു.
ഐ.എൻ.എല്ലിന് ലഭിച്ച പി.എസ്.സി. അംഗത്വം 40 ലക്ഷം രൂപ കോഴവാങ്ങി പാർട്ടി മറിച്ചുവിറ്റെന്നാണ് ആരോപണമുയർന്നത്. വിഷയത്തിൽ ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഇ.സി മുഹമ്മദിനെ പുറത്താക്കിയിരുന്നു