തിരുവനന്തപുരം
രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ വിനോദ സഞ്ചാര മേഖല തുറക്കുന്നു. ഈ മേഖലകളിലെ താമസസ്ഥലങ്ങൾ തുറക്കാനും ജിമ്മും ഇൻഡോർ ഗെയിമും നിയന്ത്രണങ്ങളോടെ അനുവദിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടിപിആർ അനുസരിച്ചുള്ള പ്രാദേശിക തരംതിരിവ് പുനക്രമീകരിച്ച് എ , ബി വിഭാഗത്തിൽ മാത്രമാണ് ഇളവുകൾ. കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞാൽ മാത്രമേ മറ്റ് ഇളവുകൾ ആലോചിക്കൂയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആൾക്കൂട്ടം അനുവദിക്കില്ല. എല്ലാ പ്രദേശങ്ങളിലും പരിശോധന വർധിപ്പിക്കാനും തിരുമാനിച്ചു.
5ൽ താഴെ എ
● അഞ്ചിൽ താഴെ ടിപിആർ
എ വിഭാഗം (82 തദ്ദേശ സ്ഥാപനം)
● അഞ്ചു മുതൽ 10 വരെ ബി (415)
● 10 മുതൽ 15 വരെയുള്ളവ സി (362)
● 15ന് മുകളിൽ ഡി (175)
ഹോം ഡെലിവറി 9.30 വരെ
എ, ബി വിഭാഗങ്ങളിൽ റസ്റ്റോറന്റുകൾ, ഹോട്ടൽ ഹോം ഡെലിവറി, ടേക് എവെ രാത്രി 9.30 വരെ. വിനോദ സഞ്ചാര മേഖലയിലെ താമസ സ്ഥലങ്ങൾ തുറക്കാം. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരുമെത്തും. ഇൻഡോർ ഗെയിമും ജിമ്മും നിയന്ത്രണങ്ങളോടെ അനുവദിക്കും. എ സി ഒഴിവാക്കണം. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആകണം. ഒരേ സമയം 20പേർ മാത്രം.
കേന്ദ്ര ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങളെുടെ മാർഗനിർദേശങ്ങൾ പാലിക്കണം. പ്രവേശനം വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും.
സി വിഭാഗത്തിൽ സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാർ. ഡി യിൽ മുപ്പൂട്ട്.
താൽക്കാലിക
ജീവനക്കാരെ
പിരിച്ചുവിടരുത്
താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്രയും ബാച്ച് നമ്പറും പതിപ്പിക്കാൻ ബന്ധപ്പെടും. കാസർകോട്ടേ ആദിവാസി മേഖലയിലെ രോഗവ്യാപനം നിയന്ത്രിക്കാൻ പ്രത്യേകമായി ഇടപെടും. മെഡിക്കൽ കോളേജുകളിലെ ഭക്ഷണ ശാലകളിലടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനും യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
കോളേജ് വിദ്യാർഥികൾ
മുൻഗണനാപട്ടികയിൽ
പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കിടയിൽ കോളേജ് വിദ്യാർത്ഥികൾ അടക്കം അഞ്ചു വിഭാഗത്തെക്കൂടി സർക്കാർ വാക്സിൻ മുൻഗണനാപട്ടികയിൽപെടുത്തി. 18നും 23നും ഇടയിലുള്ള കോളേജ് വിദ്യാർഥികൾ (വിദേശത്ത് പോകാനുള്ളവർ ഉൾപ്പെടെ), സ്വകാര്യ ബസ് ജീവനക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അതിഥിത്തൊഴിലാളികൾ, സെക്രട്ടറിയറ്റ്, നിയമസഭാ സെക്രട്ടറിയറ്റ് ജീവനക്കാർ (മന്ത്രിമാരുടെ സ്റ്റാഫുകൾ ഉൾപ്പെടെ) വിഭാഗങ്ങളെയാണ് പുതുതായി ചേർത്തത്. വിദ്യാർഥികൾക്ക് വാക്സിൻ നൽകി കോളേജ് തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു.