പൂഞ്ഞാർ: പി.സി.ജോർജ് ഫാൻസ് പേജ് ഹാക്ക് ചെയ്ത് അർദ്ധനഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തു. പി.സി.ജോർജിന്റെ അണികൾ നടത്തിയിരുന്ന പൂഞ്ഞാർ ആശാൻ പി.സി.ജോർജ് എന്ന പേജാണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്.
സൈബർ വിദഗ്ധരുടെ സഹായത്തോടെ ചൊവ്വാഴ്ച ഉച്ചയോടെ പേജ് തിരിച്ചെടുത്തെങ്കിലും വൈകീട്ടോടെ വീണ്ടും ഹാക്ക് ചെയ്തു. 2.12 ലക്ഷം ആളുകൾ ലൈക്ക് ചെയ്തിരുന്ന പേജാണിത്. പേജിന്റെ നിലവിലുണ്ടായിരുന്ന അഡ്മിൻമാരെ പുറത്താക്കിയാണ് ഹാക്കർ പുതിയ പോസ്റ്റുകൾ ഇട്ടത്. ഇതറിഞ്ഞ പേജ് അഡ്മിൻമാർ പരിശോധന നടത്തിയെങ്കിലും പേജിൽ കയറാൻ സാധിച്ചില്ല.
പേജ് വാളിൽ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. സ്റ്റോറീസിൽ വെബ്സൈറ്റ് ലിങ്ക് ഉൾപ്പെടുത്തി അർദ്ധനഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ സൈബർ സെൽ, ക്രൈം സെൽ എന്നിവർക്ക് പരാതി നൽകിയതായി പേജ് അഡ്മിൻമാരിലൊരാളായ ഷോൺ ജോർജ് പറഞ്ഞു. ഹാക്ക് ചെയ്തവരെ നിയമത്തിനു മുൻപിൽ എത്തിക്കുമെന്ന് പി.സി.ജോർജ് പറഞ്ഞു.
Content Highlights: P C Georges facebook page hacked