കൊച്ചി
കേരളത്തിലെ എൽഡിഎഫ് എംപിമാർക്ക് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വീണ്ടും സന്ദർശനാനുമതി നിഷേധിച്ചു. എംപിമാരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന കലക്ടർ എസ് അസ്കർ അലിയുടെ റിപ്പോർട്ടുപ്രകാരമാണ് സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാർ ദ്വീപിലെത്തി ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് കോവിഡ് പടർത്താനിടയാക്കുമെന്നാണ് കത്തിൽ പറയുന്നത്. ദ്വീപ് സന്ദർശനത്തിന് ആവശ്യമായ രേഖകൾ അപേക്ഷയ്ക്കൊപ്പം നൽകിയില്ലെന്നും സന്ദർശനം ദ്വീപിലെ സമാധാന അന്തരീക്ഷത്തെ തകർക്കുമെന്നുമാണ് കലക്ടറുടെ റിപ്പോർട്ട്.
എംപിമാരായ എളമരം കരീം, വി ശിവദാസൻ, എ എം ആരിഫ്, ബിനോയ് വിശ്വം, എം വി ശ്രേയാംസ്കുമാർ, തോമസ് ചാഴികാടൻ, ജോൺ ബ്രിട്ടാസ്, കെ സോമപ്രസാദ് എന്നിവരാണ് ലക്ഷദ്വീപ് സന്ദർശനാനുമതി തേടിയത്. ഇതേ ആവശ്യമുന്നയിച്ച് എംപിമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് കലക്ടറുടെ നടപടി.
ഇടത് എംപിമാരുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇവരുടെ സന്ദർശനംകൊണ്ട് ദ്വീപിൽ അനാവശ്യമായ കൂടിച്ചേരലുകൾ ഉണ്ടാകുമെന്നും കലക്ടർ പറയുന്നു. കോവിഡ് സാഹചര്യത്തിൽ ദ്വീപിൽ നിയന്ത്രണങ്ങളുണ്ട്. എംപിമാരുടെ സന്ദർശനം മാനദണ്ഡങ്ങൾ ലംഘിക്കാനിടയാകും. ജനപ്രതിനിധികളെന്ന നിലയിൽ എംപിമാർക്ക് സന്ദർശനത്തിനുള്ള രേഖകൾ ആവശ്യമില്ലെങ്കിലും അതും സന്ദർശനാനുമതി നിഷേധിക്കാനുള്ള കാരണമായി അഡ്മിനിസ്ട്രേഷൻ ഉയർത്തിക്കാട്ടുന്നു. നേരത്തേ കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ എന്നിവർക്കും കലക്ടർ അനുമതി നിഷേധിച്ചിരുന്നു.