തിരുവനന്തപുരം
തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും കേരള പൊലീസിൽ കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കുന്നു. ആന്ധ്ര മാതൃകയിലാണ് സംവിധാനം. പട്ടത്തുള്ള സംസ്ഥാന ഇന്റലിജൻസ് ആസ്ഥാനം കേന്ദ്രമാകും. മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകൾ കേന്ദ്രീകരിച്ചാകും പ്രധാന പ്രവർത്തനം. വിശദ പദ്ധതി പൊലീസ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു.
മാവോയിസ്റ്റുകളുടെയും തീവ്രവാദ സംഘടനകളുടെയും പ്രവർത്തനം കൗണ്ടർ ഇന്റലിജൻസ് സെൽ രഹസ്യമായി നിരീക്ഷിക്കും. ഇതിന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുണ്ടെങ്കിലും കൂടുതൽ കാര്യക്ഷമമാക്കാനാണ് കൗണ്ടർ ഇന്റലിജൻസ് സെൽ ആരംഭിക്കുന്നത്. അത്യാധുനിക ഉപകരണമടക്കം സജ്ജമാക്കും. അതിർത്തി സംസ്ഥാനങ്ങളിലെ സെല്ലുമായി വിവരങ്ങൾ പങ്കുവയ്ക്കും. ഒരു എസ്പിയുടെ നിയന്ത്രണത്തിലാകും പ്രവർത്തനം. നക്സൽ ഭീഷണിയുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ സംവിധാനമുണ്ട്.