കോഴിക്കോട്
എസ്ബിഐയിൽ വീണ്ടും കരാർ നിയമനം. ക്ലർക്ക് തസ്തികയിലേക്ക് 6100 പേരെ അപ്രന്റീസായി നിയമിക്കാനാണ് തീരുമാനം. ഇതിനായി കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത.
ഒന്നുമുതൽ മൂന്നുവർഷംവരെ താൽക്കാലിക നിയമനത്തിന് മാസം 15,000 രൂപ വേതനം. മറ്റാനുകൂല്യങ്ങൾക്ക് അർഹതയില്ല. 300 രൂപ അപേക്ഷാ ഫീസടയ്ക്കണം. സ്ഥിരം തസ്തികയിൽ 15 ശതമാനം താൽക്കാലിക നിയമനമാകാമെന്ന കേന്ദ്രസർക്കാർ നയപ്രകാരമാണ് അപ്രന്റീസ് നിയമനമെന്നാണ് എസ്ബിഐയുടെ അനൗദ്യോഗിക വിശദീകരണം. ആഗസ്തിൽ പരീക്ഷ നടത്തിയാകും പ്രവേശനം. സംസ്ഥാനത്ത് 75 തസ്തികയാണുള്ളത്. തമിഴ്നാട്–- 90, കർണാടകം– -200, ആന്ധ്ര– -100 എന്നിങ്ങനെയും. യുപി– -875, ഗുജറാത്ത്– -800, ബംഗാൾ–- 715 എന്നിങ്ങനെയും നിയമിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
എസ്ബിഐയിൽ ഒഴിവുള്ള കാൽലക്ഷത്തോളം തസ്തികയിൽ സ്ഥിരനിയമനത്തിന് ആവശ്യമുയരുന്നതിനിടയിലാണ് തൊഴിൽരഹിതരോടുള്ള ക്രൂരത. കഴിഞ്ഞ വർഷം- യുവജന– -രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തെതുടർന്ന് അപ്രന്റീസ് നിയമനം നിർത്തിവച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിൽ വിരമിച്ചവർക്ക് പുനർനിയമനം നൽകിയും തൊഴിലവസരം നിഷേധിക്കുന്നുണ്ട്.