കോട്ടയം
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബാർകോഴയുടെ നിയമക്കുരുക്കിലെത്തിച്ചത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല. 2014 ഒക്ടോബർ 31ന് രാത്രിയാണ് ബിജു രമേശ് മാണിക്കെതിരെ ചാനലിൽ ആദ്യം ആരോപണം ഉന്നയിച്ചത്. ഈ സമയം വിദേശത്തായിരുന്ന ചെന്നിത്തല അടുത്ത ദിവസം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങി ദ്രുത പരിശോധന പ്രഖ്യാപിച്ചു. ഇതോടെയാണ് നിയമവഴി തുറന്നത്. യുഡിഎഫിൽ കെ എം മാണിയും പല വേദികളിലായി കോൺഗ്രസുകാരും ഇക്കാര്യം ഉന്നയിച്ചു.
കെ എം മാണിയുടെ വിശ്വസ്തനായിരുന്ന പരേതനായ സി എഫ് തോമസ് ചെയർമാനായ അന്വേഷണ സമിതിയും ഇക്കാര്യം കണ്ടെത്തി. എല്ലാം അറിയാമായിരുന്ന ഉമ്മൻചാണ്ടി മൂക സാക്ഷിയായി ചെന്നിത്തലയ്ക്ക് പിന്തുണ നൽകിയെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ആരോപണം ഉന്നയിച്ചപ്പോഴേക്കും നിയമനടപടിയിലേക്ക് യുഡിഎഫ് സ്ഥാപക നേതാവായ കെ എം മാണിയെ തള്ളിയിട്ടതിൽനിന്ന് ചെന്നിത്തല അടക്കമുള്ളവർക്ക് കൈകഴുകാനാകില്ലെന്ന് ചൊവ്വാഴ്ച ചേർന്ന കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയിൽ സംസാരിച്ചവർ പറഞ്ഞു. ഇക്കാര്യങ്ങളിൽ ഉമ്മൻചാണ്ടിക്കും പങ്കുണ്ട്. അദ്ദേഹത്തിന് ഏറെ അടുപ്പമുള്ള സ്വകാര്യ ചാനലിലൂടെയായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തലെന്ന് പലരും ഓർമിപ്പിച്ചു. ചെന്നിത്തലയുടെ നടപടിയിൽ വീണുകിട്ടിയ രാഷ്ട്രീയ അവസരങ്ങളിലൂടെയാണ് പ്രതിപക്ഷ സമരങ്ങൾ ഉണ്ടായതെന്നും സ്റ്റിയറിങ് കമ്മിറ്റിയിൽ അഭിപ്രായമുയർന്നു. രണ്ട് വിജിലൻസ് അന്വേഷണത്തിലും കോടതിവിധിയിലും മാണി കുറ്റക്കാരനല്ലെന്നായിരുന്നു കണ്ടെത്തൽ.