ന്യൂഡൽഹി
കണ്ണൂർ മാട്ടൂലിൽ അപൂർവരോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിൽസയ്ക്ക് ആവശ്യമായ സോൾജെൻസ്മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് എളമരം കരീം എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. സോൾജെൻസ്മ മരുന്നിന് ഏകദേശം 18 കോടി രൂപയാണ് വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജിഎസ്ടിയും ചേരുമ്പോൾ നികുതിയിനത്തിൽമാത്രം ആറര കോടി രൂപ ചെലവുവരും.
മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക് സോൾജെൻസ്മ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടൽ മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണമെന്ന് എംപി കത്തിൽ ആവശ്യപ്പെട്ടു.