കോഴിക്കോട്
കേരള ഗ്രാമീൺ ബാങ്കിലെ 2500 ലധികം ഒഴിവുകളിൽ ഐബിപിഎസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത് 263 ൽ മാത്രം. ആകെ ഒഴിവിന്റെ 10 ശതമാനം. 193 ക്ലർക്കുമാരുടെയും 70 ഓഫീസർമാരുടെയും ഒഴിവാണിത്. നിലവിൽ 1500ലധികം ക്ലർക്കുമാരുടെയും ആയിരത്തോളം ഓഫീസർമാരുടെയും ഒഴിവുള്ളപ്പോഴാണിത്. ജൂൺ 20 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന ദിവസം.
ഗ്രാമീൺ ബാങ്കിൽ അഞ്ചുവർഷത്തിനകം ബിസിനസിൽ വൻ വർധനയുണ്ടായിട്ടും ആനുപാതിക നിയമനം നടക്കുന്നില്ലെന്നാണ് പരാതി. ജീവനക്കാരുടെ എണ്ണം എത്രയെന്ന് തീരുമാനിക്കാൻ നിയോഗിച്ച മിത്ര കമ്മിറ്റിയാണ് 2500 ലധികം ഒഴിവുകൾ കണ്ടെത്തിയത്. 2016–- 17ൽ കേരള ഗ്രാമീൺ ബാങ്കിന്റെ ബിസിനസ് 28,811 കോടിയായിരുന്നു. 2020–- 21ൽ- 38,607 കോടിയായി ഉയർന്നു. അഞ്ചുവർഷത്തിനിടെ ശാഖകളും വർധിച്ചു. 2016–- 17ലെ 615 ശാഖകൾ 2020–- 21ൽ 634 ആയി. ബിസിനസും ശാഖകളും വർധിച്ചതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം ഉയർന്നില്ല. 2016–- 17ൽ 3388 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോഴുള്ളത് 3458 പേരാണ്. ബിസിനസിൽ 34 ശതമാനം വർധനയുള്ളപ്പോൾ ജീവനക്കാരുടെ എണ്ണത്തിൽ രണ്ടുശതമാനമാണ് വർധന.
രണ്ടുവർഷത്തേക്ക് നിയമനം പാടില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. ജീവനക്കാരുടെ സംഘടനകളുടെ നിരന്തര പ്രക്ഷോഭത്തെ തുടർന്നാണ് നാമമാത്ര നിയമനത്തിന് തയാറായത്. സ്പോൺസർ ബാങ്കായ കനറാ ബാങ്കിന്റെ തീരുമാന പ്രകാരമാണ് നിയമന നിരോധമെന്ന് ജീവനക്കാർ ആരോപിക്കുന്നു. ഓഫീസ് അറ്റൻഡന്റർ തസ്തികയിൽ 600ഓളം ഒഴിവുകളുണ്ട്. ഇത് നികത്താതെ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.