തിരുവനന്തപുരം
ഇൻഡ്യക്കാരുടെ ഗൾഫ് യാത്രാവിലക്ക് നീക്കാൻ കേന്ദ്രസർക്കാർ ഇടപെടാത്തതിനാൽ ജീവിതം വഴിമുട്ടി ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ. ഗൾഫിലേക്ക് തിരിച്ചുപോകാനോ നാട്ടിലേക്ക് വരാനോ കഴിയാതെയാണ് കുടുങ്ങിയത്. കോവിഡ് ഒന്നാംതരംഗത്തിനുശേഷം മടങ്ങിയെത്തിയത് 14 ലക്ഷത്തിനടുത്ത് ഇന്ത്യക്കാരാണ്. ബഹുഭൂരിപക്ഷവും മലയാളികൾ. കുറച്ചു പേർ രണ്ടാംതരംഗത്തിനുമുമ്പ് തിരിച്ചുപോയി. ബാക്കിയുള്ള ലക്ഷങ്ങൾ ജോലി നഷ്ടമാകുമെന്ന ഭീതിയിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്നം കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയി വിദേശ–- ആഭ്യന്തര വകുപ്പുകൾക്ക് കത്തയച്ചു. എന്നാൽ, അനക്കമില്ല. സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള മലയാളികളാണ് കുടുങ്ങിയത്.
വിമാനം, വാക്സിൻ
പല രാജ്യങ്ങളും ഇന്ത്യയിൽനിന്ന് വിമാനസർവീസ് അനുവദിച്ചിട്ടില്ല. പ്രവേശിക്കാൻ രണ്ട് ഡോസ് വാക്സിൻ എടുക്കണം. കോവിഷീൽഡ് അംഗീകരിച്ചിട്ടുണ്ടെങ്കിലും കോവാക്സിന് അനുമതിയില്ല. മലയാളിയായ വി മുരളീധരൻ വിദേശ സഹമന്ത്രിയായിരുന്നിട്ടും പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തം.
ഉന്നത ദൗത്യസംഘം വേണം
വിലക്ക് നീക്കുന്നതിന് കേന്ദ്രസർക്കാർ ദൗത്യസംഘത്തെ നിയോഗിക്കണമെന്ന് കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ പറഞ്ഞു. എല്ലാവർക്കും വേഗം വാക്സിൻ കൊടുക്കണം. കോവാക്സിന് അംഗീകാരം നേടുകയും വേണം. മടങ്ങാനാകുമോ എന്ന ഭയംമൂലം അവധി കിട്ടിയിട്ടും നാട്ടിൽവരാത്ത പതിനായിരങ്ങൾ അവിടെയുണ്ട്.
വളഞ്ഞ വഴി ചെലവേറും
എങ്ങനെയും ഗൾഫിലെ ജോലിസ്ഥലത്ത് എത്താൻ ചിലർ അർമേനിയ, അസർബൈജാൻ വഴി അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് പോകുന്നുണ്ട്. ഒന്നരമുതൽ രണ്ട് ലക്ഷം രൂപവരെയാണ് ഏജന്റുമാർ ഈടാക്കുന്നത്. ഈ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞുവേണം ഗൾഫിൽ പോകാൻ. ബഹ്റൈനിൽ ചെന്ന് കരമാർഗം സൗദിയിലേക്ക് കടക്കാൻ ശ്രമിച്ചവരിൽ ചിലർ കുരുങ്ങിയിട്ടുമുണ്ട്.