തിരുവനന്തപുരം
കേന്ദ്ര സർക്കാർ വാക്സിൻ അനുവദിക്കുന്നത് മന്ദഗതിയിലാക്കിയതോടെ സംസ്ഥാനത്ത് കുത്തിവയ്പ് പ്രതിസന്ധിയിലേക്ക്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കഴിഞ്ഞ ദിവസം 50 ലക്ഷം ഡോസ് അനുവദിച്ചതിൽ കേരളത്തിന് ചൊവ്വാഴ്ച ലഭിച്ചത് വെറും 23,770 ഡോസ്. ഇതിനുമുമ്പ് ജൂൺ 28നാണ് 1.56 ലക്ഷം ഡോസ് എത്തിയത്.
പ്രതിദിനം 1500 മുതൽ 2000 വരെ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം നടന്നിരുന്നു. ഇപ്പോൾ 8-00 മുതൽ 1000 കേന്ദ്രങ്ങളിൽ മാത്രം. ദിവസം രണ്ടുമുതൽ രണ്ടര ലക്ഷംവരെ വാക്സിൻ വിതരണം സംസ്ഥാനത്ത് സാധ്യമാണ്. എന്നാൽ, ലഭ്യതയില്ലാത്തതിനാൽ ഞായറാഴ്ച വിതരണം ചെയ്തത് 25,755 ഡോസ് മാത്രം. തിങ്കളാഴ്ചയാകട്ടെ 1,56,629 ഡോസും വിതരണം ചെയ്തു. നിലവിൽ 1.75 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. കോവിഡ് വാക്സിനേഷൻ പരമാവധി വേഗത്തിലാക്കാൻ പ്രത്യേക കർമപദ്ധതി തയ്യാറാക്കിയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. മൂന്നാം തരംഗത്തിന് മുമ്പുതന്നെ പരമാവധിപേരിലേക്ക് വാക്സിൻ എത്തിച്ച് സാമൂഹ്യ പ്രതിരോധശേഷി ഉറപ്പാക്കുകയാണ് ലക്ഷ്യം. എന്നാൽ, വാക്സിൻ ദൗർലഭ്യം ഇതിന് തടസ്സമാകുന്നു. രജിസ്ട്രേഷന് രണ്ടാഴ്ചവരെയുള്ള സ്ലോട്ട് പോർട്ടലിൽ ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. വാക്സിൻ ദൗർലഭ്യംമൂലം ഇത് ഫലപ്രദമായി നടത്താനാകുന്നില്ല. ഇതുവരെ 1,37,80,200 ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ലഭിച്ചത്. മൂന്ന് ലക്ഷത്തോളം ഡോസ് വാക്സിൻ ബുധനാഴ്ച എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ ലഭ്യതയും അനുബന്ധ വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഇ–-വിൻ പോർട്ടൽ ജൂൺ 21 മുതൽ പ്രവർത്തന രഹിതമായതിനാൽ വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ സാങ്കേതിക പ്രതിസന്ധി തുടരുകയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
പരിശോധന വർധിപ്പിക്കും
കോവിഡ് സ്ഥിരീകരണ നിരക്ക് കൂടുതലുള്ള തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കും. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.രോഗവ്യാപന സാധ്യതയുള്ളിടത്ത് പരിശോധന കൂട്ടും. ക്വാറന്റൈനും സമ്പർക്കപട്ടിക തയ്യാറാക്കലും ഒന്നാംഘട്ട ചികിത്സാ കേന്ദ്രങ്ങളും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും കൂടുതൽ ശക്തിപ്പെടുത്തും. അനുബന്ധ രോഗമുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും അവബോധ പ്രവർത്തനം ഊർജിതമാക്കാനും മന്ത്രി നിർദേശം നൽകി. മൂന്നാം തരംഗം മുന്നിൽക്കണ്ട് പരമാവധി വാക്സിൻ നൽകും. മുഖ്യമന്ത്രിയുടെ നിർദേശത്തിലായിരുന്നു പ്രത്യേക യോഗം. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, ഡയറക്ടർ ഡോ. വി ആർ രാജു, കലക്ടർമാർ, ഡിഎംഒ എന്നിവർ പങ്കെടുത്തു.
മൂന്നിലൊന്നു പേരും
ആദ്യഡോസ് എടുത്തു
സംസ്ഥാനത്ത് മൂന്നിലൊന്നു പേരും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. ജനസംഖ്യയുടെ 33.88 ശതമാനത്തിനും 18ന് മുകളിലുള്ള 47.17 ശതമാനത്തിനുമാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്.
ജനസംഖ്യയുടെ 11.19 ശതമാനവും 18ന് മുകളിലുള്ള 15.57 ശതമാനവും രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്സിൻ ചേർത്ത് ഒന്നരക്കോടി പേർക്കാണ് (1,50,58,743 ഡോസ്) വാക്സിൻ നൽകിയത്. ഇതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസും 37,38,216 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
സ്ത്രീകൾ മുന്നിൽ
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വാക്സിനെടുത്തത്. കുത്തിവയ്പ് എടുത്തതിൽ 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷന്മാരുമാണ്.