ന്യൂഡൽഹി
മനുഷ്യത്വഹീനമായ ഭരണകൂടം നടത്തിയ കൊലപാതകമാണ് ഫാ. സ്റ്റാൻ സ്വാമിയുടെ മരണമെന്ന് ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട 16 പേരുടെ ബന്ധുക്കളും സുഹൃത്തുക്കളും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് കാലത്ത് അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് തലോജ ജയിലിൽ അടച്ചത് വധശിക്ഷ നടപ്പാക്കുന്നതിനു തുല്യമായി. അദ്ദേഹത്തിന്റെ കംപ്യൂട്ടറിൽനിന്ന് ചില രേഖകൾ കണ്ടെടുത്തുവെന്ന പേരിലാണ് എൻഐഎ അറസ്റ്റുചെയ്തത്. ഈ കേസിൽ പ്രതികളുടെ കംപ്യൂട്ടറുകൾ ഹാക്ക് ചെയ്ത് ഇത്തരം രേഖകൾ നിക്ഷേപിച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഫോറൻസിക് സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾക്ക് തെളിവ് ഹാജരാക്കാൻ എൻഐഎയ്ക്ക് കഴിഞ്ഞിട്ടില്ല.
റാഞ്ചിയിൽ തന്റെ ഇഷ്ടജനങ്ങൾക്ക് മധ്യേവച്ച് മരിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇക്കാര്യം കോടതിയോട് പറഞ്ഞിരുന്നു. ലളിതമായ ഈ ആഗ്രഹംപോലും സാധിച്ചുകൊടുക്കാൻ നീതിന്യായ സംവിധാനത്തിന് കഴിഞ്ഞില്ലെന്നും മിനാൽ ഗാഡ്ലിങ്, റോയി വിൽസൺ, മൊണാലി റാവത്ത്, കോയൽ സെൻ, ഹർഷാലി പോട്ദർ, ശരദ് ഗെയ്ക്ക്വാദ്, മായിഷ സിങ്, വൈ ഫെരേര, സൂസൻ എബ്രഹാം, പി ഹേമലത, സബ ഹസൈൻ, രമ തെൽതുംബ്ഡെ, ജെന്നി റൊവേന, സുരേഖ ഗോർഖെ, പ്രണാലി പരബ്, റുപാലി ജാദവ്, ഫാ. ജോ സേവ്യർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.