തിരുവനന്തപുരം: നിയമസഭയിൽ കെ.എം.മാണിക്കെതിരെയാണ് പ്രതിഷേധം നടന്നതെന്ന് സുപ്രീംകോടതിയിൽ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. നിയമസഭാ കൈയാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം നടത്തിയ വാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫിന്റെ അഴിമതിക്കെതിരായ സമരം തന്നെയാണ് അന്ന് നടന്നത്. അഴിമതിയിൽ മുങ്ങിനിൽക്കുന്ന ഒരു സർക്കാരായിരുന്നു യുഡിഎഫിന്റേത്. ആ സർക്കാരിനെതിരെ നടന്ന സമരമാണ് നിയമസഭയിൽ നടന്നത്. സ്വാഭാവികമായും ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടതെന്നും വിജയ രാഘവൻ പറഞ്ഞു.
അന്ന് കെ.എം.മാണിക്കെതിരെ പ്രതിഷേധിച്ചിട്ടില്ലെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ വിജയരാഘവൻ യുഡിഎഫാണ് അഴിമതി കാണിച്ചതെന്ന് ആവർത്തിച്ചു.
കോടതിയിൽ പേര് പരാമർശിച്ചിട്ടില്ല. അവിടെ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് കോടതിയിൽ വന്ന കാര്യങ്ങളെ തെറ്റായി മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണ്. അതിൽ ദുരദ്ദേശമുണ്ട്.
എൽഡിഎഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് കേരള കോൺഗ്രസ് എം. മുന്നണിയിൽ നല്ല രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സ്വാഭാവികമായി ആശയകുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.മാണിക്കെതിരായ ആരോപണത്തിൽ വിജിലൻസ് ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. കെ.എം.മാണിയെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
കെ.എം.മാണി കേരളത്തിൽ ദീർഘകാലം രാഷ്ട്രീയപ്രവർത്തനം നടത്തിയ ആളാണ്. അദ്ദേഹം അനുഭവസമ്പത്തുള്ള പൊതുപ്രവർത്തകനായിരുന്നു. ബാർകോഴ വിഷയവുമായി ബന്ധപ്പെട്ട്വിജിലൻസ് അന്വേഷണം നടന്നതാണ്. ഉയർന്നുവന്ന വിഷയങ്ങളിൽ കെ.എം.മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്തം ഇല്ല എന്നാണ് വിജിലൻസ് കണ്ടെത്തിയത്. അഴിമതിയിൽ കുളിച്ച യുഡിഎഫിനെ തള്ളി പറഞ്ഞാണ് കേരള കോൺഗ്രസ് എൽഡിഎഫിലേക്ക് വന്നത്വിജയ രാഘവൻ പറഞ്ഞു.
നിയമസഭാ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം തള്ളിയ ഹൈക്കോടതി നടപടിക്കെതിരായ അപ്പീലിലാണ് സുപ്രീംകോടതിയിൽ വാദം കേൾക്കുന്നത്. കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്നും എം.എൽ.എ.മാർ വിചാരണ നേരിടണമെന്നുമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.