തിരുവനന്തപുരം: നിയമസഭയിൽ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ വിചാരണ നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎമാർക്ക് എന്ത് പ്രിവിലേജാണ് ഉള്ളതെന്ന് ചോദിച്ച വി.ഡി. സതീശൻ കേസ് പിൻവലിക്കാൻ ഗവൺമെന്റിനെ അനുവദിച്ചാൽ നാളെ ഒരു എൽഡിഎഫ് എംഎൽഎ തങ്ങളെ ആരെയെങ്കിലും കുത്തിക്കൊന്നാൽ നിയമസഭയുടെ പ്രിവിലേജ് കിട്ടുമോയെന്നും ചോദിച്ചു. ഇന്ത്യയിൽ ഒരു കോടതിയും സർക്കാരിന്റെ നിയമപരമല്ലാത്ത ആവശ്യം അംഗീകരിക്കുമെന്ന് തോനുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിൽ സംസാരിക്കുന്ന കാര്യങ്ങളുടെ പേരിൽ കേസെടുക്കാൻ പാടില്ല എന്നതാണ് അംഗങ്ങൾക്കുള്ള പ്രിവിലേജ്. നിയമസഭയ്ക്ക് ഉള്ളിലോ, പാർലമെന്റിലോ ഒരു ക്രിമിനൽ കുറ്റം ചെയ്താൽ അതിലെങ്ങനെയാണ് ഇളവ് കിട്ടുന്നത്? അതിലെങ്ങനെയാണ് പ്രിവിലേജ് കിട്ടുന്നത് ? നിയമസഭയുടെ പൊതുസ്വത്ത് നശിപ്പിച്ചത് നിയമവിരുദ്ധമായ കാര്യമാണ്. അത് ക്രിമിനൽ കുറ്റമാണ്. അത് ക്രിമിനൽ കുറ്റമല്ല, അതിന് പ്രിവലേജുണ്ട് എന്ന് കോടതി തീരുമാനിച്ചാൽ നാളെ, ഒരാളെ കുത്തിക്കൊന്നാൽ ആ പ്രിവിലേജ് കിട്ടുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കെ.എം. മാണി കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ കുടുംബം അഴിമതിക്കാരാണെന്നും കൈക്കൂലിപ്പണം എണ്ണിത്തീർക്കാൻ സാധിക്കാതെ വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രം സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞത് സിപിഎമ്മിന്റെ സംസ്ഥാന നേതാക്കന്മാരാണ്. അത് പിൻവലിക്കുന്നുണ്ടോ വിജയരാഘവൻ. കെ.എം. മാണിയേക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും ഉന്നയിച്ച ഗുരുതരവും അവഹേളനപരവുമായ ആരോപണം പിൻവലിച്ച് മാപ്പ് പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി തയ്യാറുണ്ടോ ?
കെ.എം മാണിയെയാണ് തടഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് വരുന്നതിനേയോ, മറ്റ് മന്ത്രിമാർ സഭയിലേക്ക് കടന്നുന്നതിനെ അല്ലല്ലോ തടഞ്ഞത്? യുഡിഎഫിന്റെ എല്ലാ എംഎൽഎമാരും എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയും വന്ന് സീറ്റിലിരുന്നു. ഞങ്ങളെ ആരെയും തടഞ്ഞില്ലല്ലോ ? തടഞ്ഞത് കെ.എം മാണിയെ മാത്രമാണ്. കെ.എം. മാണി എന്ന അഴിമതിക്കാരനെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന പ്രഖ്യാപനം നടത്തിയത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ്. അന്ന് നടത്തിയ സമരം ഉൾപ്പെടെയുള്ളവ തെറ്റാണെന്ന് പറഞ്ഞ് മാപ്പ് പറഞ്ഞ് പിൻവലിക്കാൻ തയ്യാറാകട്ടെ ആദ്യമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്വന്തം പിതാവിനേയും കേരള കോൺഗ്രസ് പാർട്ടിയുടെ പ്രിയപ്പെട്ട നേതാവിനേയും സുപ്രീം കോടതിയിൽ അപമാനിച്ചതിനും അവഹേളിച്ചതിനും ജോസ് കെ.മാണി നടപടി സ്വീകരിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ.എം. മാണി എന്ന അഴിമതിക്കാരനെതിരായാണ് സമരം നടത്തിയതെന്ന് സുപ്രീം കോടതിയിൽ പറഞ്ഞ എൽഡിഎഫ് നേതൃത്വത്തിനെതിരായി എന്ത് നിലപാടാണ് കേരളാ കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് കാത്തിരിക്കുകയാണ്. അത് അവർ പറയട്ടെ. കെ.എം മാണിയെ അപമാനിച്ചിട്ടും തുടരുന്നത് ശരിയാണോ എന്ന് അവർ ആത്മ പരിശോധന നടത്തട്ടെ എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: V D Satheesan against LDF government on K M Mani issue