തിരുവനന്തപുരം> ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെടുന്നവരും ചൂഷിതരുമായ ജനതയുടെയും അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു സ്റ്റാൻ സ്വാമിയെന്ന് സ്പീക്കർ എം ബി രാജേഷ്. ഈ പോരാട്ടത്തിൽ ധാതുസമ്പത്തും പ്രകൃതിവിഭവങ്ങളും കൊള്ളയടിക്കുന്ന മൂലധന ശക്തികളുമായിരുന്നു എതിർപക്ഷത്ത്. അതിനാൽ ഇവരുടെ കണ്ണിലെ കരടായിരുന്നു എന്നും സ്റ്റാൻ സ്വാമി.
ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില കഴിഞ്ഞ കുറെ മാസങ്ങളായി അത്യന്തം ഗുരുതരമായിരുന്നു.
പാർക്കിൻസൺസ് രോഗിയായിരുന്ന അദ്ദേഹത്തിന് ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാൻ ഒരു സ്ട്രാ ലഭിക്കുന്നതിന് വരെ വലിയ നിയമ പോരാട്ടങ്ങൾ നടത്തേണ്ടിവന്നു. വിചാരണ തടവുകാർക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു എന്നത് ക്രൂരമായ യാഥാർഥ്യമാണ്.
ശരിയായ ചികിത്സ ലഭിക്കാതെ അദ്ദേഹത്തിന് ജയിലിൽ ഏറെ ക്ലേശിക്കേണ്ടിവന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ അദ്ദേഹത്തിന് കൊടിയ ദുരിതവും പീഡനവും അനുഭവിക്കേണ്ടി വന്നതിന് യാതൊരു ന്യായീകരണവുമില്ല. .
ഇത്തരമൊരു സ്ഥിതി ഉണ്ടായതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണ-നീതിന്യായ വ്യവസ്ഥകൾക്ക് ഒഴിഞ്ഞുനിൽകാനാവില്ല. വയോധികനും രോഗിയുമായ അദ്ദേഹത്തിന്റെ ദാരുണാന്ത്യത്തിനിടയാക്കിയ സാഹചര്യങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നതിൽ സംശയമില്ല. ഇതുപോലുള്ള ക്രൂരമായ നീതിനിഷേധം ഇനി ആവർത്തിക്കാൻ ഇടവരരുതെന്നും എം ബി രാജേഷ് പറഞ്ഞു.