തിരുവനന്തപുരം> സുപ്രീംകോടതിയിൽ എവിടേയും കെ എം മാണി എന്ന് പേര് പരാമർശിച്ചിട്ടില്ലെന്നും ഇടതുമുന്നണിയിൽ ആശയകുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ച് നൽകുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ അഴിമതിക്കെതിരെയാണ് എൽഡിഎഫ് ശക്തമായ സമരങ്ങൾ നടത്തിയതെന്നും എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിനെതിരെ നിയമസഭയിൽ നടന്ന പ്രതിഷേധം സംബന്ധിച്ച് സുപ്രീംകോടതിയിൽ നടന്ന വാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ .
സുപ്രീംകോടതിയിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച് കോടതിയിൽ വന്ന കാര്യങ്ങളെ തെറ്റായിവ്യാഖ്യാനിച്ച് മാധ്യമങ്ങൾ ഈ രീതിയിൽ വാർത്ത കൊടുക്കുകയാണ് ചെയ്തത്. അതിൽ ഒരു ദുരുദ്ദേശമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ് എം . മുന്നണിയിൽ നല്ല നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. പരസ്പര ബഹുമാനത്തോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികർ പ്രവർത്തിച്ചു വരുന്നത്. സ്വാഭാവികമായും ആശയകുഴപ്പമുണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്. അത് പ്രകാരം അവർ സൃഷ്ടിച്ച വാർത്തയാണ് ഇത്.
യുഡിഎഫിന്റെ അഴിമതിക്കെതിരായ സമരം ആണ് അന്ന് നടന്നത്. യുഡിഎഫ് ഗവർമെൻറ് അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഒരു ഗവർമെന്റ് ആയിരുന്നു. ആ ഗവർമെൻറിനെതിരെയാണ് സമരം നിയമസഭയിൽ നടന്നത്. കെ എം മാണി കേരളത്തിൽ ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹം അനുഭവ സമ്പത്തുള്ള പൊതു പ്രവർത്തകനാണ്. ബാർ കോഴ വിഷയവുമായി ബന്ധപ്പെടുത്തിയിട്ടുള്ള വിജിലൻസ് അന്വേഷണം നടന്നതാണ്. ഉയർന്നു വന്ന വിഷയങ്ങളിൽ കെ എം മാണിക്ക് വ്യക്തിപരമായ പങ്ക് ഇല്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്.
അന്ന് യുഡിഎഫിന്റെ ഭാഗമായിരുന്നു കേരള കോൺഗ്രസ്. ആ യുഡിഎഫിന്റെ അഴിമതിയെ തള്ളിപറഞ്ഞാണ് അവർ എൽഡിഎഫിലേക്ക് വന്നത്. നല്ല നിലയിൽ മുന്നണിയുടെ കെട്ടുറപ്പിനും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നിയമ സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനൊപ്പം നിന്ന് പ്രവർത്തിച്ചവരാണ്
ഇടതുപക്ഷ വിരുദ്ധ മാധ്യമങ്ങൾ. അവരുടെ രാഷ്ട്രീയ ലക്ഷ്യം വാർത്തകളിൽ പ്രതിഫലിക്കുമല്ലോ. മാധ്യമപ്രവർത്തകരിലെ ചില വാർത്താ നിർമ്മാണ വിദഗ്ധർ വാർത്തകൾ നിർമ്മിച്ചു കൊടുക്കുകയാണ്.അതിൽ സത്യത്തിന്റെ പിൻബലംഉണ്ടാകണമെന്ന് നിർൾബന്ധമില്ലല്ലോയെന്നും എ വിജയരാഘവൻ ചോദിച്ചു.