ന്യൂഡൽഹി> രാജ്യത്ത് നിലനിൽക്കുന്ന അമിതാധികാര വാഴ്ചയിൽ ഫാ. സ്റ്റാൻ സ്വാമിയുടെ ജീവൻ പൊലിഞ്ഞു. കള്ളക്കേസിൽപെടുത്തി യുഎപിഎ പ്രകാരം എൻഐഎ അറസ്റ്റുചെയ്ത, ജസ്യൂട്ട് വൈദികനും ആദിവാസിഅവകാശ പ്രവർത്തകനുമായ ഈ 84കാരൻ ജയിലിൽ ദീർഘകാലം കൊടുംയാതനകൾ അനുഭവിച്ചശേഷമാണ് വിടപറഞ്ഞത്. മുംബൈ ഹൈക്കോടതി നിർദേശപ്രകാരം കഴിഞ്ഞ മെയ് 30നു നവിമുംബൈയിലെ തലോജ ജയിലിൽനിന്ന് ഹോളിഫാമിലി ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു.
ഹോളി ഫാമിലി ആശുപത്രിയിലെ ഡോ. അയാൻ ഡിസൂസ ബോംബെ ഹൈക്കോടതിയിലാണ് ഉച്ചയ്ക്ക് 1.30നു ഫാ. സ്റ്റാനിന്റെ മരണം സംഭവിച്ചതായി അറിയിച്ചത്. ഫാ. സ്റ്റാനിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടിയന്തര പരിഗണനയ്ക്ക് എടുത്തപ്പോഴാണിത്. മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും എൻഐഎയും തലോജ ജയിൽ അധികൃതരുമാണ് മരണത്തിനു ഉത്തരവാദികളെന്നും ഫാ. സ്റ്റാനിന്റെ അഭിഭാഷകൻ മിഹിർ ദേശായി പറഞ്ഞു. ഫാ. സ്റ്റാനിനു അടുത്ത ബന്ധുക്കളില്ലെന്നും മൃതദേഹം സുഹൃത്തായ ഫാ. ഫ്രേസറിനു കൈമാറണമെന്നും ദേശായി കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തില്ല. ഫാ. സ്റ്റാനിന്റെ വിയോഗത്തിൽ ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ജെ ജാംദാർ എന്നിവർ അനുശോചിച്ചു.
ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ താമസസ്ഥലത്തുനിന്ന് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെടുത്തി ഫാ. സ്റ്റാനിനെ എൻഐഎ അറസ്റ്റുചെയ്തത്. അദ്ദേഹത്തിന്റെ പ്രായവും രോഗപീഡകളും പരിഗണിക്കാതെ മഹാരാഷ്ട്രയിൽ കൊണ്ടുവന്ന് കോവിഡ്ബാധ രൂക്ഷമായ തലോജ ജയിലിൽ അടച്ചു.
പാർക്കിസൻസ് ബാധിതനായ അദ്ദേഹത്തിനു വെള്ളം കുടിക്കാൻപോലും സഹതടവുകാരുടെ സഹായം വേണ്ടിവന്നു. ദ്രാവകരൂപത്തിൽ ഭക്ഷണം കഴിക്കാൻ സിപ്പർ നൽകിയില്ല. രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയർന്നശേഷമാണ് സിപ്പർ ലഭ്യമാക്കിയത്.
3500ൽപരം തടവുകാരുള്ള ജയിലിൽനിന്ന് അദ്ദേഹത്തെ മാറ്റണമെന്ന ഹർജികളും ഫലംകണ്ടില്ല. വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത മൂന്ന് ഡോക്ടർമാർ മാത്രമുള്ള ജയിയിൽ കോവിഡ് പിടിപെട്ട ശേഷവും അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ചികിത്സയ്ക്കായി സ്വകാര്യആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന ആവശ്യത്തെ എൻഐഎയും സംസ്ഥാന ജയിൽ അധികൃതരും എതിർത്തു. ഒടുവിൽ ബോംബൈ ഹൈക്കോടതി വീഡിയോ കോൺഫറൻസ് വഴി അദ്ദേഹത്തെ കണ്ടശേഷമാണ് ആശുപത്രിയിലേയ്ക്ക് മാറ്റാൻ ഉത്തരവിട്ടത്.
രണ്ടാഴ്ച മുമ്പ് കോവിഡ് ഭേദമായെങ്കിലും അദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നതായി അഭിഭാഷകൻ പറഞ്ഞു. കേന്ദ്രസർക്കാരും എൻഐഎയുമാണ് ഈ മരണത്തിനു ഉത്തരവാദികളെന്ന് ജാർഖണ്ഡ് ജനാധികാർ മഹാസഭ പ്രസ്താവനയിൽ പറഞ്ഞു.