തിരുവനന്തപുരം
കസ്റ്റംസ് കോഫെപോസ ചുമത്തി കരുതൽ തടങ്കലിൽ അടച്ച സന്ദീപ് നായർ എൻഐഎ കേസിൽ മാപ്പുസാക്ഷി. മുഖ്യആസൂത്രകനെന്ന് കസ്റ്റംസും ഇഡിയും പ്രചരിപ്പിച്ച മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ എൻഐഎയുടെ കുറ്റപ്പത്രത്തിൽ പ്രതിയോ സാക്ഷിയോ അല്ല. സ്വർണം ദുബായിൽനിന്ന് അയച്ച ഫൈസൽ ഫരീദ് എവിടെയെന്ന് ചോദിച്ചാൽ കസ്റ്റംസ് കൈമലർത്തും.
നയതന്ത്ര ബാഗേജിൽ അല്ല സ്വർണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ നിരന്തരം പറയുന്നത് എന്തിനെന്ന ചോദ്യത്തിനും കേന്ദ്ര ഏജൻസികൾക്ക് മൗനം. അന്വേഷണം ഒരു വർഷം പിന്നിട്ടപ്പോൾ കുരുടൻ ആനയെ കണ്ട മട്ടിലാണ് ഏജൻസികളുടെ നിഗമനം. അന്വേഷണം വഴിതിരിച്ച് രാഷ്ടീയ വിവാദമുണ്ടാക്കി സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കൂടുതൽ വെളിപ്പെടുന്നു.
കസ്റ്റംസ് കേസിൽ 26 പ്രതികളുണ്ടെങ്കിലും മൂന്ന് പേർക്കെതിരെയാണ് കോഫെപോസ ചുമത്തിയത്. അന്വേഷണം ഒരു വർഷമാകാറായപ്പോൾ യുഎഇ കോൺസൽ ജനറൽ, അറ്റാഷെ എന്നിരവടക്കം 53 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റിയാലും ഇല്ലെങ്കിലും കോൺസൽ ജനറലിനെയോ അറ്റാഷെയെയോ ഒന്നും ചെയ്യാനാകില്ല. കരുതൽ തടങ്കൽ കാലാവധി നീട്ടിയില്ലെങ്കിൽ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത് എന്നിവർ പുറത്തിറങ്ങും.
കസ്റ്റംസും ഇഡിയും പ്രതിചേർത്ത എം ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി ഈ മാസം 16ന് അവസാനിക്കും. ഗുരുതരമായ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന് സർവീസിൽ തിരികെ വരാൻ അർഹതയുണ്ട്. എൻഐഎ കേസിൽ 35 പ്രതികളുണ്ട്. ഇതിൽ ചിലർക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ടെങ്കിലും തെളിവ് കണ്ടെത്താനായിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയപ്പോൾ കസ്റ്റംസിനെ വെട്ടിച്ച് ആശുപത്രിയിലെത്തി ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഇഡിയുടെ നീക്കം അന്നുതന്നെ സംശയാസ്പദമായിരുന്നു. ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങിയ വൻകിട പദ്ധതികൾക്ക് തുരങ്കം വയ്ക്കാനും ഏജൻസികൾ ശ്രമിച്ചു.
സ്വർണം അയച്ചവരെ കണ്ടെത്താനായില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്
നയതന്ത്ര സ്വർണക്കടത്ത് അന്വേഷണം ഒരുവർഷം പിന്നിടുമ്പോഴും സ്വർണം അയച്ചവരെ കണ്ടെത്താനായില്ലെന്ന് സമ്മതിച്ച് കസ്റ്റംസ്. സ്വർണക്കടത്തിന് പണം മുടക്കിയവരെയും വാങ്ങിയവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവന്നു. കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ, യുഎഇയിൽനിന്ന് സ്വർണം അയച്ച ഫൈസൽ ഫരീദ് അടക്കമുള്ളവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. അതിനുശേഷമേ മറ്റുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാകൂ എന്നും കസ്റ്റംസ് കമീഷണർ(പ്രിവന്റീവ്) സുമിത്കുമാർ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അന്വേഷണസമയത്ത് വാർത്തകളിൽ നിറഞ്ഞ എം ശിവശങ്കർ എൻഐഎ കേസിൽ പ്രതിയല്ലല്ലോ എന്ന ചോദ്യത്തിന്, സ്വർണക്കടത്തുകേസിലെ പ്രതികളെല്ലാവരും യുഎപിഎ കേസിൽ ഉൾപ്പെട്ടവരാകണമെന്നില്ല എന്നായിരുന്നു മറുപടി.
ഓരോ ഏജൻസിയും വ്യത്യസ്ത നിയമപ്രകാരമാണ് പ്രവർത്തിക്കുന്നത്. എൻഐഎ സ്വർണക്കടത്തുകേസിലെ യുഎപിഎ കാര്യമാണ് അന്വേഷിച്ചത്. കസ്റ്റംസ് നിയമപ്രകാരമുള്ള കേസ് കസ്റ്റംസും റവന്യു ഇന്റലിജൻസുമാണ് അന്വേഷിക്കുന്നത്. കസ്റ്റംസ് അവസാന കുറ്റപത്രം സമർപ്പിക്കാനിരിക്കുന്നതേയുള്ളൂ. അതാണ് മറ്റ് ഏജൻസികളുടെ കുറ്റപത്രവുമായി താരതമ്യം ചെയ്യേണ്ടതെന്നും കമീഷണർ പറഞ്ഞു. വിവിധ ഏജൻസികളുടെ വ്യത്യസ്ത നിഗമനത്തിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിവിധ ഏജൻസികൾ വിവിധ നിയമപ്രകാരമാണ് അന്വേഷിച്ചത് എന്നുമാത്രമായിരുന്നു മറുപടി. രാഷ്ട്രീയനേതാക്കളെ ചോദ്യം ചെയ്തെങ്ങിലും അന്വേഷണം എങ്ങുമെത്തിയില്ലല്ലോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.