തിരുവനന്തപുരം
കോൺഗ്രസ് വലിയ ആശയക്കുഴപ്പത്തിലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രതിപക്ഷധർമം നിർവഹിക്കാനാകാത്ത പാർടിയായി. രാഹുൽ ഗാന്ധിക്ക് ഇനിയും കോൺഗ്രസിന്റെ പ്രവർത്തന ശൈലിയുമായി പൊരുത്തപ്പെടാനായിട്ടില്ല. അദ്ദേഹം പൂർണപരാജയമാണ്.
കേരളത്തിലെ കോൺഗ്രസുകാർക്ക് തലമുറമാറ്റത്തിന്റെ അർഥം അറിയില്ല. നറുക്ക് വീണപോലെയാണ് കെ സുധാകരൻ പ്രസിഡന്റായത്. ഗ്രൂപ്പ് നേതാക്കന്മാരുമായി ആലോചിച്ച് എടുക്കാത്ത തീരുമാനം വിജയിക്കില്ല. പ്രചാരണത്തിനപ്പുറം മരംമുറി വിഷയത്തിൽ ഒന്നുമില്ല.
കൃഷിക്കാരെ സഹായിക്കാനാണ് മരംമുറിയുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയത്. ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ റദ്ദാക്കി. അന്വേഷണ റിപ്പോർട്ടിന് അനുസൃതമായി സർക്കാർ നടപടിയെടുക്കും. എ കെ ശശീന്ദ്രനെ മന്ത്രിയായി തീരുമാനിച്ചത് പാർടിയാണ്. അദ്ദേഹത്തെ മാറ്റണോയെന്ന് തീരുമാനിക്കുന്നതും ദേശീയ നേതൃത്വമായിരിക്കും. കോൺഗ്രസ്, മുസ്ലിംലീഗ് ഉൾപ്പെടെയുള്ള പാർടികളിൽനിന്ന് നിരവധി പേർ എൻസിപിയിൽ ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ചാക്കോ പറഞ്ഞു.