തിരുവനന്തപുരം
സമാവർത്തി പട്ടികയിലുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച ഒഴിവാക്കി കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമം നിർമിക്കുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയം പാർലമെന്റ് സമ്മേളനത്തിൽ ഉന്നയിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പട്ടികയിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമം സംസ്ഥാനവുമായി ചർച്ചയില്ലാതെ കേന്ദ്രം പാസാക്കി. ഇത് വലിയ കർഷക പ്രക്ഷോഭത്തിന് വഴിവച്ചു. വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷത കണക്കിലെടുക്കാതെ നയരൂപീകരണം നടന്നിട്ടുണ്ട്. പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥ സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയുന്നതാണ്. വൈദ്യുതി പരിഷ്കരണ ബില്ലിലും ആരോഗ്യമേഖലയിലെ പരിഷ്കരണത്തിലും വലിയ കേന്ദ്രീകരണമുണ്ട്. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നത്തിൽ യോജിച്ച നീക്കമുണ്ടാകണമെന്നും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
സിഎസ്ആറിൽ പെടുന്ന ചെലവിൽ സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉൾപ്പെടുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകളും പിഎം കെയേഴ്സ് ഫണ്ടും കമ്പനി നിയമത്തിലെ ഷെഡ്യൂൾ ഏഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെയും ഷെഡ്യൂൾ ഏഴിൽ ഉൾപ്പെടുത്തണം.
പ്രഖ്യാപിച്ച എല്ലാ ദേശീയപാത വികസന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കണം. റെയിൽവേ, വിമാനത്താവള വികസന കാര്യങ്ങളും ഉന്നയിക്കണം.
മടങ്ങിപ്പോകുന്ന പ്രവാസികൾക്ക് കൂടുതൽ വിമാനസർവീസ് അനുവദിക്കണം. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിക്കണം. കോട്ടപ്പുറം കോഴിക്കോട് ദേശീയ ജലപാതയ്ക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കണം. തീരശോഷണം പ്രകൃതിദുരന്തമായി പ്രഖ്യാപിക്കാൻ നടപടിയെടുക്കണം.
ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാർ, എംപിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷദ്വീപ്: ശക്തമായ
പ്രതിഷേധം ഉയരണം
ലക്ഷദ്വീപ് സംഭവത്തിൽ പാർലമെന്റിൽ എംപിമാർ ഏകകണ്ഠമായി ശക്തമായ പ്രതിരോധം ഉയർത്തണമെന്ന് മുഖ്യമന്ത്രി. ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പലതിന്റെയും സൂചനയാണിത്. കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കാനാണ് നീക്കം. നാടിന്റെ വികസനത്തിന് സഹായകമാകുന്ന നില എല്ലാവരും സ്വീകരിക്കണം.
പൗരത്വഭേദഗതി
നിയമത്തിനെതിരെ
ഉറച്ച നിലപാട്
പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതുമായി മുന്നോട്ടുപോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനു മുന്നിൽ ഉന്നയിക്കണം. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി നടപ്പാക്കാൻ സമ്മർദം ചെലുത്തണം. ദുരന്തനിവാരണ ഫണ്ടിൽനിന്ന് സംസ്ഥാനങ്ങൾക്ക് ചെലവഴിക്കാനുള്ള നിബന്ധന പരമാവധി ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് ഔദ്യോഗികതലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ഇടപെടണം.