തിരുവനന്തപുരം
കെഎസ്ആർടിസിയിൽ ജൂണിലെ പെൻഷൻ തുക ചൊവ്വാഴ്ച മുതൽ നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിക്ക് പെൻഷനുള്ള തുക നൽകുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുമായുള്ള കരാർ കഴിഞ്ഞ മെയിൽ അവസാനിച്ചിരുന്നു. കരാർ ഒരുമാസത്തേക്ക് പുതുക്കാനുള്ള ധാരണപത്രത്തിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി, സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവർ ഒപ്പിട്ടു. ഇതോടെ പെൻഷനായി സഹകരണ സംഘങ്ങൾ വഴി 65.84 കോടി രൂപ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ ഒരുമാസത്തെ പെൻഷൻ വിതരണത്തിനാണ് ധാരണയായത്. വായ്പാ പലിശ നിരക്ക് കുറയ്ക്കാനുള്ള ചർച്ച പുരോഗമിക്കുകയാണ്. തീരുമാനമായാൽ ജൂലൈയിലെ പെൻഷനും വൈകാതെ വിതരണം ചെയ്യും. 2018 മുതൽ പെൻഷൻ വിതരണം ചെയ്ത വകയിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 2432 കോടി രൂപ തിരികെ നൽകി.