കൊച്ചി
കരിപ്പൂർ സ്വർണക്കടത്തിൽ മറ്റൊരു സംഘത്തിനുകൂടി പങ്കുണ്ടെന്ന് കസ്റ്റംസ്. കേസിലെ പ്രതി മുഹമ്മദ് ഷഫീഖ് സ്വർണം കൈമാറാനിരുന്നത് കണ്ണൂർ സംഘത്തിനാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.
രണ്ടരക്കിലോ സ്വർണം തട്ടിയെടുക്കാൻ അർജുൻ ആയങ്കിക്കും മറ്റൊരു സംഘത്തിനും പുറമെ കണ്ണൂർ ഗ്രൂപ്പും വിമാനത്താവളത്തിലെത്തി. എല്ലാ സ്വർണക്കടത്തുസംഘങ്ങൾക്കും മറ്റ് സംഘങ്ങൾക്കുള്ളിൽ ഒറ്റുകാരുണ്ടായിരുന്നുവെന്നും കസ്റ്റംസ് സാമ്പത്തിക വിചാരണക്കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ കേന്ദ്രീകരിച്ച് സ്വർണക്കടത്തിന് സംഘമുണ്ട്. ഇവർക്ക് ദുബായിലെ സ്വർണക്കടത്തുസംഘങ്ങളുമായി വലിയ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മഞ്ചേരി സബ്ജയിലിൽവച്ച് തനിക്കെതിരെ ചെർപ്പുളശേരി സംഘത്തിന്റെ വധഭീഷണിയുണ്ടായെന്ന് മുഹമ്മദ് ഷഫീഖ് വെളിപ്പെടുത്തി. പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ട കോടതി, ഷഫീഖിനെ കാക്കനാട് സബ്ജയിലിലേക്ക് മാറ്റി. ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷഫീഖ് തിരിച്ചറിഞ്ഞു. സ്വർണം തനിക്ക് കൈമാറിയാൽ എൻ കെ സുനിൽകുമാറും (കൊടി സുനി) കെ കെ ഷാഫിയും സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായും ഷഫീഖ് കസ്റ്റംസിന് മൊഴിനൽകി. അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും. അർജുന്റെ ഭാര്യയെ ചോദ്യം ചെയ്തു.